തിരുവനന്തപുരം: വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാര്‍ മുടിമുറിക്കല്‍ സമരം നടത്തി. രാപകല്‍ സമരം 50-ാം ദിവസം പിന്നിടുമ്പോഴാണ് മുടിമുറിച്ചുകൊണ്ടുള്ള പ്രതിഷേധം. സമരത്തെ സര്‍ക്കാര്‍ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ആശമര്‍ കടുത്ത സമരരീതികളിലേക്ക് കടക്കുന്നത്.
18 വര്‍ഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്നവരാണ് വേതന വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്നതെന്ന് സമരനേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയില്‍ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ചര്‍ച്ച എന്ന പേരില്‍ സമര നേതാക്കളെ വിളിച്ച് സമരം അവസാനിച്ചു പോകാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ആശമാരുടെ ആവശ്യങ്ങളെപ്പറ്റി യാതൊരു പ്രതികരണവും നടത്താന്‍ തയാറായില്ല. ആശമാര്‍ ഉന്നയിക്കുന്നത് ജീവല്‍ പ്രധാനമായ ആവശ്യങ്ങളാണ്. സര്‍ക്കാര്‍ അറിയിച്ചാല്‍ ഏത് സമയത്തും സമര നേതൃത്വം ചര്‍ച്ചക്ക് തയാറാണ്. അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.