പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി വീണ്ടും ആര്‍.എസ്. എസ് മുഖപത്രം ഓര്‍ഗനൈസര്‍.’സേവ് ലക്ഷദ്വീപ്’ കാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ്. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ക്ക് മൗനമാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്‌റംഗ് ബലി എന്ന് നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം റിപ്പോര്‍ട്ട് ചെയ്തുള്ള ആര്‍.എസ്.എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമര്‍ശിക്കുന്നത്.
എമ്പുരാന്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നേരത്തെയും ഓര്‍ഗനൈസര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓര്‍ഗനൈസറിന്റെ വിമര്‍ശനം. അതേസമയം, സംഘ്പരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഏതാനും ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും.