കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാര്‍ ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്.
മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വര്‍ണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമതീതമായി മുസ്ലിംകള്‍ ഒന്നിച്ച് നടത്തുന്ന ആരാധനയാണ് ഹജ്ജ്. നാട്ടില്‍ സുരക്ഷിതത്വവും സുഭിക്ഷതയുമുണ്ടാവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച ഇബ്‌റാഹിം നബിയുടെ ചരിത്രം നാമോര്‍ക്കണം.
വെളുത്തവന്ന് കറുത്തവനെക്കാളോ അറബിക്ക് അനറബിയെക്കാളോ ഒരു ശ്രേഷ്ഠതയുമില്ലെന്ന് മുഹമ്മദ് നബി പ്രഖ്യാപിച്ചത് ഹജ്ജ് വേളയിലെ പ്രഭാഷണത്തിലാണ്. യുദ്ധവും അതിക്രമവും മൂലം യാതനയനുഭവിക്കുന്ന മനുഷ്യരോടൊപ്പമായിരിക്കണം നമ്മുടെ മനസ്സെന്നും അവര്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വഖഫ് മന്ത്രിയുടെ അഡീഷനല്‍ സെക്രട്ടരി യൂസുഫ് പടനിലം, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം തുടങ്ങിയവരും ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി. തറയിട്ടാല്‍ ഹസ്സൈന്‍ സഖാഫി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *