തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ രണ്ടാം തീയതി തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂള്‍ സമയക്രമത്തിലെ മാറ്റം സംബന്ധിച്ച് ചില അധ്യാപക സംഘടനകള്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. സമയക്രമത്തിലെ മാറ്റം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറന്ന് ഒരാഴ്ചക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചാല്‍ മാത്രമേ പാചക തൊഴിലാളികളുടെ വേതന വിഷയം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.