വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.ജെ. പോൾ പടിയിറങ്ങുന്നു. കുന്ദമംഗലം മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആയിരുന്ന പോൾ നിലവിൽ ജി.എച്ച്.എസ്.എസ് കുഴിമണ്ണയിൽ പ്രിൻസിപ്പൽ ആയാണ് 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്. ഗണിതശാസ്ത്രാധ്യാപകൻ, ഐ.ടി അധ്യാപൻ, അധ്യാപക പരിശീലകൻ തുടങ്ങി വ്യത്യസ്ത പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് അടക്കം നിരവധി ഏറ്റുവാങ്ങി. 1994 ൽ തലശ്ശേരി സെൻ്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ശാസ്ത്രാധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടർന്ന് 1998 ൽ നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപകനായി കോഴിക്കോട് ജില്ലയിൽ നിയമനം ലഭിച്ചു. കുട്ടികളിൽ ഇംഗ്ലീഷ് കമ്യൂണിക്കേഷനിൽ പ്രാവീണ്യം വർധിക്കുവാൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആദ്യമായി സംഘടിപ്പിച്ചു ശ്രദ്ധ നേടാൻ കഴിഞ്ഞു.
പാഠഭാഗങ്ങളെ അധികരിച്ച്  ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ഗണിത ശാസ്ത്ര കയ്യെഴുത്ത് മാഗസിൻ, ഗണിതശാസ്ത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. അധ്യാപകർക്കായുള്ള സംസ്ഥാന ടീച്ചിങ് എയ്ഡ് മൽസരത്തിൽ പങ്കെടുക്കാനും മികച്ച സ്ഥാനം കൈവരിക്കാനും കഴിഞ്ഞത് മികവിനുള്ള അംഗീകാരമായി. ഗണിത ശാസ്ത്ര പരിഷത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഗണിതത്തിൽ  താൽപര്യം വളർത്തുന്നതിനുമായി ഒട്ടനവധി അവസരങ്ങൾ കുട്ടികൾക്കു നൽകാൻ പ്രത്യേകം ശ്രദ്ധിച്ചു. കോവിഡ് കാലത്തെ ഓണത്തിന് കുട്ടികൾ സ്വന്തമായി എഴുതി തയ്യാറാക്കിയ കവിതകൾ ഏകോപിപ്പിച്ച് തുമ്പപൂക്കൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി സംസ്കാരം വളർത്തുന്നതിനും വിഷ രഹിത പച്ചക്കറി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി സ്കൂളിലും വീട്ടിലും വിഷരഹിത പച്ചക്കറി കൃഷി പദ്ധതിക്ക് രൂപം നൽകി. മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുഞ്ഞെഴുത്തിന്റെ മധുരം എന്ന പദ്ധതിക്ക് രൂപം നൽകി. ഇതിൽ കുട്ടികൾ അവരുടെ സ്വന്തം കഥകൾ കവിതകൾ, ചിത്രങ്ങൾ കുട്ടിക്കവിതകൾ, അനുഭവക്കുറിപ്പുകൾ യാത്രാവിവരണങ്ങൾ എന്നിവ ചേർത്ത് മാഗസിന് പേരു നൽകി വിദ്യാലയത്തിൽ സമർപ്പിച്ചു. 5500 ഓളം മാഗസിൻ അവധി കാലത്ത് തയ്യാറാക്കി കുന്ദമംഗലം ഉപജില്ല ചരിത്രം സൃഷ്ടിച്ചു. ഇതിന് അഞ്ച് വേൾഡ് റെക്കോർഡുകൾ ലഭിച്ചു. 2005 ൽ മികച്ച ഗണിത ശാസ്ത്ര അധ്യാപകനുള്ള അവാർഡ്, 2017-18 ൽ സംസ്ഥാന അധ്യാപക അവാർഡ്, 2017-18 ൽ ആചാര്യ അവാർഡ്, 2018ൽ റോട്ടറി ക്ലബിൻ്റെ അപ്രീസിയേഷൻ അവാർഡ്, 2018 ൽ ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡ്, കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ, പി.ടി.എ റഹീമിൽ നിന്ന് 2019 ൽ അപ്രീസിയേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ച കെ.ജെ. പോൾ മെയ് 31നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *