നിലമ്പൂര്‍: നിലമ്പൂരിനെ ആവേശക്കലടലാക്കിയ ശക്തിപ്രകടനത്തോടെ നാടിളക്കി ആര്യാടന്‍ ഷൗക്കത്തിന്റെ പത്രികാസമര്‍പ്പണം. നിലമ്പൂരിന്റെ ചരിത്രത്തിലുണ്ടാവാത്ത ആവേശക്കാഴ്ചക്കായിരുന്നു നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്.
യു.ഡി.എഫ് യുവനിരയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയായിരുന്നു പത്രികാസമര്‍പ്പണം. രാവിലെ പതിനൊന്നോടെ ആര്യാടന്‍ ഹൗസില്‍ നിന്നും ഷൗക്കത്ത് ഇറങ്ങിയത് കാത്ത് നിന്ന പ്രവര്‍ത്തകരുടെ ആവേശ മുദ്രാവാക്യങ്ങളുടെ നടുവിലേക്ക്. റോഡ് ഷോക്കായി ജ്യോതിപ്പടിയിലേക്ക് കാറില്‍ പോകാനായിരുന്നു തീരുമാനമെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം ഷൗക്കത്ത് പ്രകടനമായി അവിടേക്ക് തിരിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ജ്യോതിപ്പടിയില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയാണ് റോഡ്‌ഷോയെ ആശീര്‍വദിച്ചയച്ചത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ യുവ നിര ഒരുങ്ങി നില്‍ക്കുകയായിരുന്നു. മൂന്നു കിലോമീറ്ററകലെ ചന്തക്കുന്ന് ബസ് സ്റ്റാന്റ് വരെയായിരുന്നു റോഡ് ഷോ. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, തെരഞ്ഞെടുപ്പ് ചുമതലക്കാരനായ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി എന്നിവര്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ കയറി.
യു.ഡി.എഫിന്റെ യുവ നിരയായ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അന്‍വര്‍സാദത്ത് എം.എല്‍.എ, ജെബി മേത്തര്‍ എം.പി, വി.ടി ബല്‍റാം, റോജി എം. ജോണ്‍ എം.എല്‍.എ, ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, ടി.പി അഷ്‌റഫലി എന്നിവര്‍ റോഡ് ഷോ നയിച്ച് മുന്നില്‍ നടന്നു. ആവേശ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകരും. റോഡിന്റെ വശങ്ങളില്‍ നിന്ന സ്ത്രീകളും കുട്ടികളും കൈവീശി കാട്ടി അഭിവാദ്യം നേര്‍ന്നു. നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍ റോഡ് ഷോ അവസാനിപ്പിച്ച ശേഷം. കാറിലാണ് ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നേതാക്കള്‍ക്കൊപ്പം ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധുവിന്റെ ഓഫീസിലേക്ക് തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *