തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. ക്രൂരമായ പീഡനങ്ങൾക്കാണ് കുഞ്ഞ് ഇരയായിട്ടുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവ് ഉണ്ടെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവ് കണ്ടെത്തി.

ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദനവും മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാലിൽ പൊള്ളിച്ചതിൻ്റെ പാടുകളുണ്ടെന്നും കണ്ടെത്തി. രണ്ടാനച്ഛനായ അഷ്‌കർ, അർഷിദിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും മൊഴി നൽകിയിട്ടുണ്ട്.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അഷ്‌കർ ചോറ് കൊടുക്കുന്നതിനിടയിൽ അർഷിദ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയത്ത് അമ്മ അഖില, തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സ്ഥിരമായ മർദനമാണ് കുഞ്ഞിൻ്റെ മരണകാരണമെന്നാണ് വിവരം.

ആന്തരിക അവയവങ്ങളുടെ രക്തസ്രാവം നേരത്തെ ഉണ്ടായ മർദ്ദനത്തിൽ നിന്നും ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. അഖിലയെയും അഷ്‌കറിനെയും കസ്റ്റഡിയിലെടുക്കുകയും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

 കുഞ്ഞിൻ്റെ മരണത്തിൽ കുടുംബാംഗങ്ങൾ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുട്ടിയുടെ കൈ ഒരു മാസം മുൻപ് രണ്ടാനച്ഛൻ ഒടിച്ചിരുന്നതായും സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. അമ്മ വേണ്ട വിധം കുട്ടിയെ നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *