കൊച്ചി പള്ളുരുത്തിയിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ പള്ളുരുത്തി വെളി ഗ്രൗണ്ടിന് സമീപമുള്ള കർമ ലൈനിലായിരുന്നു സംഭവം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഷിജോയിയെ ആക്രമിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ബൈക്കിന്റെ താക്കോലിനൊപ്പമുണ്ടായിരുന്ന മൂർച്ചയേറിയ ചെറിയ ആയുധം ശരീരത്തിൽ തുളച്ചുകയറിയതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് ഉടൻ തന്നെ പള്ളുരുത്തി പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് തേവര സ്വദേശിയായ ജെൻസൻ എന്ന യുവാവിനെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കാളികളായ മറ്റ് രണ്ട് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
