പനങ്കയം (മലപ്പുറം): വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങള്‍ കൂടി ചാലിയാറില്‍ കണ്ടെത്തി. ചാലിയാറിന്റെ പനങ്കയം കടവില്‍ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല്‍ മൃതദേഹങ്ങള്‍ ഉള്‍വനത്തിലെ പുഴയിലുണ്ടോ എന്നറിയാനാണ് തിരച്ചില്‍ നടത്തുന്നത്. മലവെള്ളപ്പാച്ചിലില്‍ മൃതദേഹങ്ങള്‍ ചാലിയാറിലൂടെ താഴോട്ട് ഒഴുകിപ്പോയിട്ടുണ്ടെന്ന സംശയവുമുണ്ട്. വയനാട് മുണ്ടക്കൈയില്‍ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങള്‍ ചാലിയാറിലെത്തിയത്.
ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നലെ 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളില്‍ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.