കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് കരള്‍ അലിയിപ്പിക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്.
രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പ്രദേശത്ത് കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പൂഴ ഗ്രാമങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് രാത്രി ഒരുമണിയോടെയാണ് നാടിനെ ദുരന്തഭുമിയാക്കിയ അപകടം ഉണ്ടായത്.