തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 19 ഇടത്ത് യുഡിഫും മൂന്നിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത് എല്‍ഡിഎഫ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നാലുവീതം സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമന്‍കോട്, മടത്തറ, കൊല്ലായില്‍ വാര്‍ഡുകളുമാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഭരിക്കുന്ന കരവാരത്ത് പഞ്ചായത്തിലെ പട്ട്ള, ചാത്തമ്പറ വാര്‍ഡുകളും ആറ്റിങ്ങല്‍ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു.

കൊല്ലത്ത് മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. തൊടിയൂര്‍ പഞ്ചായത്തിലെ പുലിയൂര്‍വഞ്ചി വെസ്റ്റ് നജീബ് മണ്ണേല്‍ (യുഡിഎഫ്), ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറയില്‍ അജ്മല്‍ ഖാന്‍ (യുഡിഎഫ്), പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറയില്‍ ബിന്ദു (യുഡിഎഫ്) കരവാളൂര്‍ പഞ്ചായത്തിലെ കരവാളൂര്‍ ടൗണില്‍ അനൂപ് പി ഉമ്മന്‍ (എല്‍ഡിഎഫ്) എന്നിവരാണ് വിജയിച്ചത്.

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും യുഡിഎഫ് വിജയിച്ചു. ഏഴംകുളം പഞ്ചായത്ത് ഏഴംകുളം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫിലെ സിസദാനന്ദനാണ് വിജയിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഫലം ഭരണത്തെ ബാധിക്കില്ല. ചിറ്റാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പന്നിയാറില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോളി വിജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഫലം ഭരണത്തെ ബാധിക്കില്ല.

ആലപ്പുഴ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. രാമങ്കരി പഞ്ചായത്തിലെ 13-ാം വാര്‍ഡും മാന്നാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡും എല്‍ഡിഎഫ് ജയിച്ചു. മന്നാറിലെ കോണ്‍ഗ്രസ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ബിജെപി ജയിച്ചത്.

കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. രണ്ടിടങ്ങളില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയും വിജയിച്ചു. വാകത്താനം പഞ്ചായത്തിലെ- വാര്‍ഡ് 11 (പൊങ്ങന്താനം), പനച്ചിക്കാട് പഞ്ചായത്തിലെ- വാര്‍ഡ് 20 (പൂവന്തുരുത്ത്), ചെമ്പ് പഞ്ചായത്തിലെ- ഒന്നാം വാര്‍ഡ് (കാട്ടിക്കുന്ന്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വാകത്താനം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന പൊങ്ങന്താനം എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ ബവിത ജോസഫ് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചെമ്പില്‍ എല്‍ഡിഎഫിന്റെ നിഷ വിജു (സിപിഐ എം) 126 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ കവിതാ ഷാജിയെയാണ് പരാജയപ്പെടുത്തിയത്. പനച്ചിക്കാട് പൂവന്തുരുത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഇടുക്കി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലും ജയച്ചു. ഉടുമ്പന്‍ചോല പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് എല്‍ഡിഎഫ് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യേശുദാസ് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തൊടുപുഴ നഗരസഭയിലെ ഒമ്പതാം വാര്‍ഡിലും ഇടുക്കി ബ്ലോക്കില്‍ തോപ്രാംകുടിയിലും യുഡിഎഫ് ജയിച്ചു. അറക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് (ജലന്ധര്‍) ബിജെപി ജയിച്ചത്.

എറണാകുളത്തെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എല്‍ഡിഎഫും രണ്ട് സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ചിറ്റാറ്റുകര എട്ടാം വാര്‍ഡ് എല്‍ഡിഎഫും വാഴക്കുളം എട്ടാം വാര്‍ഡ്, ചൂര്‍ണിക്കര ഒമ്പതാം വാര്‍ഡ് യുഡിഎഫും കരസ്ഥമാക്കി.

തൃശൂരിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരുടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ് ഡിവിഷനും മുള്ളൂര്‍ക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ്) 11-ാം വാര്‍ഡിലുമാണ് എല്‍ഡിഎഫ് ജയിച്ചത്. പാവറട്ടി പഞ്ചായത്ത് (കാളാനി) ഒന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.

പാലക്കാട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളിയിലും ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയിലും എല്‍ഡിഎഫ് ജയിച്ചു. പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തെക്കത്തിവട്ടാരത്ത്, തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത്, മങ്കര പഞ്ചായത്തിലെ നാലാം വാര്‍ഡ് കൂരാത്ത് എന്നിവിടങ്ങളിലാണ് യുഡിഎഫ് ജയിച്ചത്.

മലപ്പുറത്തെ ഒരു നഗരസഭയടക്കം നാലിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് കോണ്‍ഗ്രസും ഒരിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും ജയിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൊടിയാട് വര്‍ഡ്, മൂന്നിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് രണ്ട്, വട്ടംകുളം പഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം വാര്‍ഡ് 14 എന്നിവടത്താണ് കോണ്‍ഗ്രസ് ജയിച്ചത്. കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ടിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.

കോഴിക്കോട് ഒരു ബ്ലോക്ക് പഞ്ചായത്തടക്കം നാലിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നിടത്തും എല്‍ഡിഎഫ് ഒരിടത്തും ജയിച്ചു. ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ് (വാര്‍ഡ് 17) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബീന പത്മദാസന്‍ വിജയിച്ചു. ഉള്ളിയേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് (തെരുവത്ത്കടവ്), കൊടിയത്തൂര്‍ മൂന്നാം വാര്‍ഡ് (മാട്ടുമുറി), തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഡ് രണ്ട് എന്നിവിടങ്ങളില്‍ യുഡിഎഫ് ജയിച്ചു.
കണ്ണൂരില്‍ ഒരു നഗര സഭയടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ മൂന്നും നിലനിര്‍ത്തി എല്‍ഡിഎഫിന് മിന്നുന്ന ജയം. തലശേരി (പെരിങ്കളം) 18-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എ സുധീശന്‍ 508 വോട്ടുകള്‍ നേടി. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ആലക്കാട് വാര്‍ഡിലും പടിയൂര്‍ കല്യാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

കാസര്‍കോട്ട് രണ്ട് തദ്ദേശ വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു കാസര്‍കോട് നഗരസഭാ ഖാസിലേന്‍ വാര്‍ഡില്‍ 447 വോട്ടുകള്‍ നേടി ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഹനീഫ് വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫ് സ്വതന്ത്രന്‍ പി എം ഉമൈര്‍ 128 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി എന്‍ മണി ഒരു വോട്ട് നേടി.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കല്ലംങ്കൈ വാര്‍ഡില്‍ 701 വോട്ടുകള്‍ നേടി ലീഗ് സ്ഥാനാര്‍ഥി ധര്‍മ്മപാല്‍ ദാരില്ലത്ത് വിജയിച്ചു. എസ്ഡിപിഐ സിറ്റിങ് സീറ്റായിരുന്നു ഇത്. എസ്ഡിപിഎ സ്ഥാനാര്‍ഥി പത്മനാഭ കല്ലങ്കൈ 606 വോട്ടുനേടി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ 563 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ഥി അസ്മിന ഷാഫി കോട്ടക്കുന്ന് വിജയിച്ചു. 396 വോട്ട് നേടി സ്വതന്ത്ര സ്ഥാനാര്‍ഥി കെ എസ് സംഗീത രണ്ടാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *