കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെ ഇന്ന് വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു അടച്ചു പൂട്ടിയതായിരുന്നു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടേ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറച്ചടക്കം ഏഴിന ഉപാധികളാണ് കലക്ടര്‍ മുന്നോട്ട് വെച്ചത്.
അതെ സമയം സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമരം ഇന്ന് മുതല്‍ വീണ്ടും പുനരാരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു.പ്ലാന്റ് അടച്ച് പൂട്ടുന്നത് വരെ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെയാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും.ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തും. കൂടാത ദുര്‍ഗന്ധം ഒഴിവാക്കാന്‍ പഠനം നടത്തി നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
