ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക്​ വീഴ്​ത്തി​ സിന്ധു ടോകിയോ ഒളിമ്പിക്​സ്​ സെമിയിൽ ഇടമുറപ്പിച്ചു.

തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്​പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്​. സ്​കോർ 21-13, 22-20

യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തും ​ ഇരു താരങ്ങളും ആദ്യം കളി നയിച്ചു ​. എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന്​ അതിവേഗം കളിപിടിച്ച സിന്ധു 11-7ന്​ മുന്നിലെത്തി. പിന്നീട്​ ഒരിക്കലും എതിരാളിക്ക്​ അവസരം നൽകാതെയാണ്​ ആദ്യ സെറ്റ്​ പൂർത്തിയാക്കിയത്​.

രണ്ടാം സെറ്റിലും അതേ ആവേശത്തിൽ ഡ്രോപും സ്​മാഷും സമം ചേർത്ത്​ റാ​ക്കറ്റേന്തിയ സിന്ധുവിനു മുന്നിൽ ആധിപത്യം പുലർത്താൻ യമാഗുച്ചിക്കായില്ല. ഇരുകോർട്ടിലും വീഴാൻ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളിൽ ബലാബലം നിന്ന കളിയിൽ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്‍റിന്​ ലീഡ്​ പിടിച്ച ആദ്യ ഘട്ടങ്ങളിൽനിന്ന്​ മാറി സിന്ധു എതിരാളിക്ക്​ ലീഡ്​ സമ്മാനിച്ചു. പിന്നീട്​ വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്‍റ്​ മുന്നിലെത്തി 20-18 ആയതോടെ മൂന്നാം സെറ്റും വേണ്ടിവരുമെന്നായി. എന്നാൽ, അത്യാവശത്തോടെ നാലു പോയിന്‍റ്​ എടുത്താണ്​ സിന്ധു കളി ജയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *