കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. ക്യാബിനുള്ളില്‍ മൃതദേഹം ഉണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സ്ഥിരീകരിച്ചു. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അർജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു. പുറത്തെടുത്തത് അര്‍ജുന്‍റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്‍റെ ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. അർജുൻ തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പി കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോറിയുടെ ക്യാബിനുള്ളില്‍ ഒരു മൃതദേഹം ഉണ്ടെന്ന് എംഎല്‍എ സ്ഥിരീകരിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *