വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. ബ്രിട്ടനെതിരെ 3-4 ആണ് ഇന്ത്യ കീഴടങ്ങിയത്. മത്സരത്തിൽ പിന്നിൽ നിന്നിരുന്ന ഇന്ത്യ വൻതിരിച്ചു വരവ് നടത്തിയ ശേഷമാണ് കീഴടങ്ങിയത്.
മത്സരത്തിന്റെ രണ്ടാം ക്വാർട്ടർ ആരംഭിച്ചപ്പോൾ തന്നെ ഇരട്ട ഗോളുകൾ നേടി ബ്രിട്ടൻ ആധിപത്യം ഉറപ്പാക്കി. എന്നാൽ ഗുര്‍ജിത് കൗറിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഇന്ത്യ ഒപ്പമെത്തി. പുറകെ വന്ദന കത്താരിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി.
പിന്നീട് മൂന്നാം ക്വാർട്ടറിൽ ബ്രിട്ടൻ ഒരു ഗോൾ നേടി മത്സരം 3-3ന് സമനിലയിലാക്കി. അതോടെ മത്സരം ആവേശകരമായ ക്വാർട്ടർ മത്സരത്തിലേക്ക് എത്തി. പക്ഷേ പെനാൽറ്റി കോർണറിലൂടെ ബ്രിട്ടൻ നാലാം ഗോൾ നേടി മുന്നിലെത്തി. അതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് പിന്നീട് സമനില പിടിക്കാൻ കഴിഞ്ഞില്ല.