സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഎൈസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍ എം പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിലാണ് സിബിഐക്ക് അന്വേഷണം നടത്തുന്നത്.
പ്രതികള്‍ പല ഘട്ടങ്ങളിലായി സോളാര്‍ കേസിലെ ഇരയെ ലൈംഗികമായും , സാമ്പത്തികമായും ചൂഷണം ചെയ്തു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐ ക്ക് കൈമാറിയിരുന്നു ,
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് സോളാര്‍ കേസ് അന്വേഷി്ക്കുന്നത്.
പ്രതികള്‍ക്ക് എതിരെ ചില നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാകും. സിബിഐ കേസ് എടുത്തതോടെ കേസിലെ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കേണ്ടതായി വരും. പ്രതികള്‍ക്ക് എതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാവും സിബിഐമുന്‍തൂക്കം നല്‍കുക.
കേസുകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന നിലപാടായിരുന്നു നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സ്വീകരിച്ച നിലപാട്. ഈ കേസും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള നേതാക്കള്‍ക്ക് എതിരെ പരാതിക്കാരി നേരത്തെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.
സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് പൊലീസ് കേസെടുത്തത്.
