സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വനിതാകമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനാല്‍ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു.

ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടും.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *