വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് സംസ്‌കരിക്കും. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് മാറ്റി. മീന്‍മുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്‌കാരം.

നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് രണ്ടു കൂടുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കടുവ ദൗത്യത്തിനായി ഇന്നെത്തും.

കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാന്‍ ശ്രമിക്കും. അത് പരാജയപ്പെട്ടാല്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന് മുന്‍പ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുന്‍പ് മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം മാനന്തവാടി നഗരസഭയില്‍ യുഡിഎഫും എസ്ഡിപിഐയും ഹര്‍ത്താല്‍ തുടങ്ങി. പഞ്ചാരക്കൊല്ലി നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരും. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *