ഇത്തവണത്തെ ബഡ്‌ജറ്റിൽ പെൻഷൻ തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമില്ല. പകരം സാമൂഹിക സുരക്ഷ ക്ഷേമപെൻഷൻ കുടിശിക കൊടുത്തുതീർക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11,000 കോടി രൂപയിലധികമാണ് സർക്കാർ ചെലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ട് ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശികകളാണ് കൊടുത്തു തീർക്കാനുള്ളത്. അത് സമയ ബന്ധിതമായി കൊടുത്തുതീർക്കും.വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 105.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ എട്ട് കോടി രൂപയിലധികമാണിത്. മുന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി മുൻവർഷത്തേക്കാൾ മൂന്ന് കോടി രൂപ കൂടി ഉയർത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുൻ വർഷത്തേക്കാൾ 80.98 കോടി രൂപ അധികമാണിത്.സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ഈ സർക്കാർ 42 മാസം കൊണ്ട് വിതരണം ചെയ്തത് 33,210.68 കോടി രൂപയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുടിശ്ശിക ഉൾപ്പെടെ ഒന്നാം പിണറായി സർക്കാർ 60 മാസം കൊണ്ട് വിതരണം ചെയ്തത് 35,089.19 കോടി രൂപയായിരുന്നു. രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ചുരുങ്ങിയത് 50,000 രൂപയിലധികം ക്ഷേമപെൻഷനായി നൽകും. പേൻഷൻ ചിലരെങ്കിലും തെറ്റായി കൈപ്പറ്റുന്നുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ല. തദ്ദേശ തലത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തി അനർഹരായവരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *