പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, തനിയ്ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം നല്‍കണമെന്നും അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അനന്തുകൃഷ്ണന്റേത് നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ജി എസ് ടി നമ്പര്‍ അടക്കം ഉണ്ട്. സാമ്പത്തിക കാര്യങ്ങള്‍ നടത്തുന്നത് അനന്തുകൃഷ്ണനാണെന്ന് ബൈലോയില്‍ പറയുന്നുണ്ട്. എന്നാല്‍ അനന്തു സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയിട്ടില്ല. സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം അനുവദിക്കണമെന്നും അനന്തുകൃഷ്ണന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടന്നത് വലിയ തട്ടിപ്പാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു.
