അഫ്ഗാന്‍ പ്രതിസന്ധിക്കിടെ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ അയച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പരിശീലനം നേടിയ പ്രതിനിധിയെ. ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ നിന്നും പരിശീലനം ലഭിച്ച ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിസ്‌കായിയെയാണ് താലിബാന്‍ ചര്‍ച്ചയ്ക്ക് അയച്ചത്. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലുമായി ഇന്നലെയായിരുന്നു സ്താനിസ്‌കായി ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം താലിബാന്റെ ആവശ്യപ്രകാരം നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

1979 മുതല്‍ 1982 വരെ ഇന്ത്യന്‍ സൈന്യത്തില്‍ പരിശീലനം നേടിയ വ്യക്തിയാണ് താലിബാന്‍ നേതാവായ സ്താനിസ്‌കായി. നൗഗാവിലെ ആര്‍മി കേഡറ്റ് കോളേജില്‍ മൂന്ന് വര്‍ഷം ജവാനായും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഓഫീസറായും പരിശീലനം നേടിയ ഇയാള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ചുരുക്കം ചില താലിബാന്‍ നേതാക്കളില്‍ ഒരാളാണ്. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്ന നിലപാടാണ് താലിബാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് വിവരം.

അഫ്ഗാനില്‍ നിന്നും ഇനിയും മടങ്ങി വരവ് സാധ്യമാകാത്ത ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, അവരെ എത്രയും വേഗം തിരികെ എത്തിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇന്ത്യ താലിബാന് മുന്നില്‍ ഉന്നയിച്ചു. നിലവില്‍ ഇരുപതോളം ഇന്ത്യക്കാര്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇന്ത്യയുടെ നിഗമനം. ഇവരുടെ മടങ്ങിവരവ് ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യ ആവശ്യം ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനിലുള്ള ന്യൂനപക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുമതി നല്‍കണമെന്നും ആവശ്യവും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശന ഇന്ത്യ മുന്നോട്ടുവെച്ചു. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *