മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാര്യമെന്നാണ് വിവരം.

2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദം ശക്തമായിരുന്നു. ഇരുവര്‍ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രം​ഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മ​ദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു.

ആഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു.ഹര്‍ഷദും റമീസും ചേര്‍ന്ന് രചന നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു നിർവഹിക്കാനിരുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖും പൃഥ്വിയും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നത്.

വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന് പകരമായാണ് പൃഥ്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചത്തിന് ഡേറ്റ് കൊടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *