മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
05-09-2021 ന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
05-09-2021: കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്പറഞ്ഞ തീയ്യതികളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിര്‍ദേശം
01-09-2021 & 02-09-2021: വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-09-2021 & 05-09-2021: വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഭൂപടം പരിശോധിക്കുക
അഭിമുഖം മാറ്റി
കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലേക്ക് സെപ്തംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495 2720744.
ഇ ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി മെര്‍ക്കല പാടശേഖരത്തില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് കോഴിക്കോട് പുതിയറയിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 13 രാവിലെ 11 മണി. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in ഫോണ്‍- 0495 2725354, 2933354, 9383471797.
ജില്ലാ ആസൂത്രണ സമിതി 8ന്
ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ എട്ടിന് ഉച്ചക്ക് 2.30 ന്് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരും.
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായവുമായി ‘പടവുകള്‍’
വിധവകളുടെ മക്കളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ട്യൂഷന് ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ സ്ഥാപനം നിശ്ചയിച്ചിട്ടുളള മെസ്സ് ഫീസും ‘പടവുകള്‍’ പദ്ധതി പ്രകാരം വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി നല്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്സുകള്ക്കോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുളള സര്‍വ്വകലാശാലകളോ അംഗീകരിച്ചിട്ടുളള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷിക്കാന്‍ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.
ധീരതയ്ക്കുളള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്കുന്ന ധീരതയ്ക്കുളള അവാര്‍ഡിന് ആറിനും 18നുമിടയില്‍ പ്രായമുളള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.iccw.co.in വെബ് പോര്‍ട്ടലിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2378920.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ സ്പോട്ട് അഡ്മിഷന്
കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനോജ്മെന്റ് ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കന്ഫെക്ഷനറി ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്ലസ് ടു പാസ്സായിരിക്കണം. പ്രായപരിധി 25 വയസ്സ്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. താല്പര്യമുളളവര് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസുമായോ ഡിപ്ലോമ കോഡിനേറ്ററുമായോ ബന്ധപ്പെടുക. ഫോണ്‍ : 9447994245.
ഐടിഐ പ്രവേശനം- ട്രേഡ് ഓപ്ഷന് നല്‍കണം
കോഴിക്കോട് ഗവ.ഐടിഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഒപ്ഷന്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ട്രേഡ് ഓപ്ഷന് പോര്‍ട്ടലില്‍ ലഭ്യമാണ്. വിലാസം- https://itiadmission.kerala.gov.in, https://det.kerala.gov.in. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്തംബര്‍ 14. ഫോണ്‍- 0495 2377016, 9495135094, 9995161525, 9495611380.
കോവിഡ് പ്രതിരോധം: ഇ സഞ്ജീവനി ശക്തിപ്പെടുത്തി
- എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒപികള്‍; പുതിയ രണ്ട് ഒ.പി.കള്‍ കൂടി
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭ്യമാകും. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് സി.ഡി.സി.യുടെ ഒ.പി. തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സി.ഡി.സി.യിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയും. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും കൂടാതെ ഡി.എം.ഇ യുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാം.കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന് സേവനം ഉപയോഗിക്കാം. കോവിഡ് ഒ.പി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്.
കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ വലിയ സേവനം നല്കുന്ന ഇ സഞ്ജീവനിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈനായി സേവനം ഉപയോഗപ്പെടുത്താന്‍ https://esanjeevaniopd.in എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷന്‍ വഴിയോ ബന്ധപ്പെടാം. esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056.
പി.എന്‍.എക്സ്. 3014/2021
പുതിയ വായ്പാ പദ്ധതികളുമായി ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന്
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി, അഞ്ചുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്വയംതൊഴില്‍ കണ്ടെത്താനും നിലവില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക ്കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
ഇതിനുപുറമേ, നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി കൂടുതല്‍ ആകര്ഷകമാക്കിയിട്ടുണ്ട്. എന്‍.എം.ഡി.എഫ്.സി വഴി നടപ്പാക്കുന്ന ക്രെഡിറ്റ് ലൈന്‍ 1 ആന്റ് 2 വിദേശപഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസവായ്പാ തുക 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി. ഒരുവര്‍ഷം നല്കാവുന്ന പരമാവധി വായ്പ തുക ആറുലക്ഷം രൂപയാണ്. കെ.എസ്.എം.ഡി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നല്‍കിവരുന്ന സ്വയംതൊഴില്‍, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പ്രവാസി/വിസലോണിന്റെ വരുമാനപരിധി എല്ലാ മേഖലകളിലുള്ളവര്‍ക്കും(നഗരം/ഗ്രാമം) ആറു ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതുക്കി നിശ്ചയിച്ചു.
ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും ആറു ശതമാനമാക്കി കുറച്ചിട്ടുണ്ട്.
താഴ്ന്ന വരുമാനമുള്ള ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥര്‍ക്ക് വിവിധോദ്ദേശവായ്പയുടെ വരുമാന പരിധി ആറു ലക്ഷംരൂപയാക്കി പുതുക്കി നിശ്ചയിച്ചു.പാരന്റ് പ്ലസ് സ്കീം പ്രകാരം വിദ്യാഭ്യാസവായ്പാ തുക പരിധി 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി പുതുക്കി.അപേക്ഷകള്‍ www.ksmdfc.org എന്ന വെബ്സൈറ്റില്‍ നിന്നുംഡൗണ്ലോഡ്ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിക്കണം.തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകര്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ അപേക്ഷകള്‍ എത്തിക്കണം.കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ്, റീജീയണല്‍ ഓഫീസ്, സെക്കന്റ് ഫ്ളോര്‍, സമസ്ത ജൂബിലി ബില്‍ഡിംഗ്സ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം 695001. ഫോണ്‍: 04712324232, 9656360334 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്സ്. 3015/2021
അപേക്ഷാ തീയതി 15 വരെ നീട്ടി
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്സുകളിലേക്കും ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.
പി.എന്‍.എക്സ്. 3016/2021
സര്‍വേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു
സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സര്‍വേയ്ക്ക് സംസ്ഥാനതലത്തില്‍ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ചു.
ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയില്‍ ആയിരിക്കണം. സൃഷ്ടികള്‍ സെപ്റ്റംബര്‍ 10ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ചീഫ് ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സ്വരാജ് ഭവന്, ആറാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം.
തെരഞ്ഞെടുക്കുന്ന പേര്/ലോഗോകള്‍ക്ക് പുരസ്കാരം നല്‍കും. എന്‍ട്രികള്‍ അവരവരുടെ മൊബൈല്‍ ഫോണ്‍ നമ്പറടക്കം പൂര്‍ണ്ണ മേല്‍വിലാസം രേഖപ്പെടുത്തി ribkerala@gmail.com ഇ-മെയില്‍ എന്ന വിലാസത്തിലും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ 0471 2317262 എന്ന ഫോണ്‍ നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ അറിയാം.
പി.എന്‍.എക്സ്. 3017/2021
നോര്‍ക്ക റൂട്ട്സ് പ്രവാസി തണല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്മക്കള്ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 140 പേര്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നു.
25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്.പി. ഫൗണ്ടേഷന് വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി ഇ ഒ അറിയിച്ചു. വിശദാംശങ്ങള്‍ Norkaroots.org യില്‍ ലഭ്യമാണ്.
പി.എന്‍.എക്സ്. 3018/2021
