കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ സിനിമയുടെ പേരില്‍ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ പ്രശസ്തിക്കുവേണ്ടിയുളള ഹര്‍ജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *