തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
എല്ലാവര്ക്കും എന്റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന് സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് സ്വാഗത പ്രസംഗത്തില്‍ മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചതെന്നും മന്ത്രി പറഞ്ഞു.
