അറബിക്കടലില്‍ ചരിഞ്ഞ എം എസ് സി എല്‍സ 3 എന്ന കപ്പലില്‍ നിന്നും വീണതെന്ന് കരുതപ്പെടുന്ന എന്തെങ്കിലും തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ 73ല്‍ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കള്‍ ആണ്. ഇവയില്‍ ചിലതില്‍ കാത്സ്യം കാര്‍ബൈഡ് എന്ന, വെള്ളം ചേര്‍ന്നാല്‍ തീ പിടിക്കാവുന്ന അസറ്റ്‌ലീന്‍ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളല്‍ തരത്തില്‍ ഉള്ള രാസ വസ്തുവും ഉണ്ട്. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഏകദേശം 3 കിലോ മീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. അവയില്‍ ചിലതാണ് തീരത്ത് അടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *