കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം.500 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 102 സാക്ഷികളും 92 രേഖകളും 56 തൊണ്ടി മുതലുകളും ഉണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു.
കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആത്മഹത്യാവിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം കൊടുക്കാന്‍ കഴിഞ്ഞതായും ഡിവൈഎസ്പി പറഞ്ഞു. കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്ന തടയാനാണ് 90 നാൾ തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിലെ പ്രതിയും ഭര്‍ത്താവുമായ എസ് കിരണ്‍ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെതിരെ ചുമത്തിയത്.
കേസിനെ തുടര്‍ന്ന് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
