കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി കേസിലെ 10 പ്രതികൾക്ക് ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതി നടപടികൾക്ക് ഒഴികെ പ്രതികൾ കണ്ണൂരിൽ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നിയമസഭ വോട്ടെടുപ്പു ദിവസമാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ ബൂത്ത് ഏജന്റായിരുന്ന മൻസൂറിന്റെ സഹോദരനെ ലക്ഷ്യംവച്ച് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് ഒന്നാം പ്രതിയെ പിടികൂടുന്നത്. ഷിനോസ് എന്ന ആളുടെ ഫോണിൽ നിന്നാണ് മറ്റുള്ള പ്രതികളെ കുറിച്ച് നിർണായക തെളിവ് കിട്ടിയത്. ലോക്കൽ പൊലീസിൽ നിന്നും ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിൽ പ്രതികളെ ഒന്നൊന്നായി പിടികൂടി. ഇതിനിടെ രണ്ടാം പ്രതി രതീഷിനെ കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. വാട്സാപ്പിലൂടെ പ്രതികൾ നടത്തിയ ഗൂഢാലോചന ക്രൈംബ്രാഞ്ച് കണ്ടെത്തി. പതിനൊന്ന് പേരുള്ള പ്രതി പട്ടിയിൽ ഒമ്പത് പേരാണ് ജയിലുളളത്. ജാബിർ ഇപ്പോഴും ഒളിവിലാണ്.
