ഇന്ന് നടക്കാനിരുന്ന കോവിഡ് അവലോകന യോഗം നാളത്തേക്കു മാറ്റി. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ തിരക്കുകൾ പരിഗണിച്ചാണ് അവലോകന യോഗം ബുധനാഴ്ചത്തേയ്‌ക്ക് മാറ്റിയത്.
ആദ്യമായാണ് അവലോകന യോഗം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. സാധാരണയായി എല്ലാ ചൊവ്വാഴ്ചകളിലുമാണ് പ്രതിവാര അവലോകന യോഗം ചേരുക. ബുധനാഴ്ച നടക്കുന്ന യോഗത്തിലാകും നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
അതേസമയം സംസ്ഥാനത്തെ മ്യൂസിയങ്ങളും മൃഗശാലകളും ഇന്നു മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. പ്രഭാത സവാരിയ്‌ക്കായി തിരുവനന്തപുരം മ്യൂസിയം തുറന്നു നൽകി. രാവിലെയും, വൈകീട്ടും പ്രഭാത സവാരിയ്‌ക്കായി എത്തുന്നവർക്കായി മ്യൂസിയം തുറന്നു നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറക്കാൻ നേരത്തെ നടന്ന അവലോകന യോഗത്തിൽ തീരുമാനം ആയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.
