വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങള്‍ വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയോ എന്നും കോടതി ചോദിച്ചു.കേസില്‍ തൃശ്ശൂര്‍ എസ്.പിയേയും ഗുരുവായൂര്‍ സി.ഐയേയും സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഒരുമാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടേയും വിവരം കൈമാറണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.നടപ്പന്തലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കല്യാണ വീഡിയോ കോടതി പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും.

വധൂവരന്‍മാരടക്കം 12 പേര്‍ക്ക് മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.

നേരത്തെയും വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *