തൃശൂർ: ചേലക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും സി.പി.എം നേതാവുമായ ശശിധരന് മർദനമേറ്റതായി പരാതി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലങ്ങിപ്പറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവർക്കെതിരെ ചേലക്കര പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും ചേലക്കര പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വെങ്ങാനെല്ലൂർ ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വാർഡ് മെമ്പർ ശശിധരൻ. ഇതിനിടെ എതിർദിശയിൽ വന്ന രതീഷും ശ്രീദത്തും വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന് ആരോപിച്ച് ശശിധരനുമായി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഇരുവരും ചേർന്ന് അദ്ദേഹത്തെ മർദിക്കുകകയായിരുന്നു.
