ചവറയില്‍ രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പ്രവാസിയുടെ പരാതി.പണം സംഭാവന നല്‍കാത്തതിനാല്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് പ്രവാസിയുടെ പരാതി. അമേരിക്കന്‍ പ്രവാസിയായ ഷഹി, ഭാര്യ ഷൈനി എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സ്മാരകത്തിന് പണം സംഭാവന നല്‍കിയില്ലെങ്കില്‍ ഷഹി ചവറ മുഖം മൂടിമുക്കില്‍ നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടി കുത്തുമെന്നും സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ദമ്പതിമാര്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 10000 രൂപയാണ് സ്മാരകത്തിനായി ചോദിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്.
‘പല തവണയായി തുക നല്‍കാമെന്ന് പറഞ്ഞ് കളിയാക്കുന്നു. രക്തസാക്ഷി മണ്ഡപ നിര്‍മ്മാണത്തിന് പതിനായിരം രൂപയുടെ രസീത് കൊടുത്തിട്ട് രണ്ടു വര്‍ഷമായി. ഞാന്‍ ഭാരവാഹിയായ അമ്പലത്തിന് 15,000 രൂപ ചോദിച്ചതും തന്നില്ല. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, കൃഷി ഓഫീസര്‍ എന്നിവരെയും കൂട്ടി എത്തി കൊടി കുത്തും. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാനാണ് പറഞ്ഞത്. ഞാന്‍ അത് ചെയ്യും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നിങ്ങളും ചെയ്‌തോ ‘ എന്നാണ് ബിജുവിന്റെതായി പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നത്.
