നിലമ്പൂര്‍: സംരംഭകരെ സാങ്കേതിക കുരുക്കില്‍ ബുദ്ധിമുട്ടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. വ്യവസായ വകുപ്പ് സംരംഭകരെ ചേര്‍ത്ത് പിടിക്കണമെന്നും വ്യക്തമാക്കി. നിലമ്പൂര്‍ താലൂക്ക് ഏകദിന വ്യവസായ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. എല്ലാവരും ഒരേ വ്യവസായം തെരഞ്ഞെടുക്കുന്ന പ്രവണത മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംരഭകര്‍ പുതിയ മേഖലകള്‍ തെരഞ്ഞെടുക്കണം.കൂടുതല്‍ സാമ്പത്തിക ബാധ്യതയോടെ സംരഭം വിജയത്തിലെത്താനാവില്ല. ചെറിയ ബാധ്യതയും വലിയ പരിശ്രമവുമാണ് വിജയത്തിന്റെ വഴിയെന്നും എം എല്‍ എ വ്യക്തമാക്കി. പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം ഗിരീഷ്മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.കെ മുജീബ് റഹ്മാന്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം വി അഞ്ജന ദേവ് , കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് ദേവദാസ് പി മേനോന്‍, വിനോദ് പി മേനോന്‍, നിലമ്പൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ പി സന്തോഷ് കുമാര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ബ്രിജേഷ് എറക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ അസി. ജില്ലാ വ്യവസായ ഓഫീസര്‍ എം ശ്രീരാജ്, ജില്ലാ റിസോഴ്സ് പേഴ്സണ്‍ പി ഉണ്ണികൃഷ്ണന്‍, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സനല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. നിക്ഷേപകരെയും അവരുടെ പദ്ധതികളേയും പരിജയപ്പെടുത്തുവാനും വിവിധ വകുപ്പ് പ്രതിനിധികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗ സ്ഥര്‍ എന്നിവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു.
