തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കോഴിക്കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013’ സബ്ജില്ല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൊഴിലിടങ്ങളില്‍ പോഷ് ആക്ട് അനുസരിച്ച് സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വനിത-ശിശു വികസന വകുപ്പ് പോര്‍ട്ടല്‍ ആരംഭിച്ചത് വനിത കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം പൂര്‍ണതലത്തില്‍ ഇപ്പോഴും സ്ഥാപനങ്ങളില്‍ നടപ്പായിട്ടില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ അതിനായി കൂടുതല്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സമൂഹത്തിന് സ്ത്രീയോടുള്ള വീക്ഷണഗതി വികലമാകുന്നതിന്റെ കാഴ്ചകള്‍ സമീപകാല വാര്‍ത്തകളില്‍ കാണാന്‍ കഴിയുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കകത്ത് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം എല്ലാവര്‍ക്കും ഒരുക്കണമെന്നും അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.
പരിപാടിയില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി അബ്ദുല്‍ കരീം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രജി ആര്‍. നായര്‍, എം.കെ സുഹൈല എന്നിവര്‍ സംസാരിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ വി എല്‍ അനീഷ ക്ലാസെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ നന്ദിയും പറഞ്ഞു.
