പനാത്ത്താഴം-സിഡബ്ല്യുആര്‍ഡിഎം റോഡില്‍ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറില്‍ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി. കേരള നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രധാന നഗര റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഫാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി നല്‍കിയത്. എത്രയും വേഗത്തില്‍ എലിവേറ്റഡ് ഹൈവേ തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേല്‍പാലം നിര്‍മിക്കുന്നതിനുള്ള തുകയ്ക്ക് അനുമതിയായിരുന്നു.

ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നഗരത്തിലെ പ്രധാന റോഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി രണ്ടാഴ്ച തോറും ഉദ്യോഗസ്ഥതല അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ആകെ 1.072 കിലോമീറ്റര്‍ ദൂരവും 18 മീറ്റര്‍ വീതിയും കണക്കാക്കുന്ന മിനിബൈപാസ്-പനാത്ത്താഴം മേല്‍പ്പാലത്തിന്റെ 6(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതു പ്രകാരം അതിര്‍ത്തി കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുപ്പിനുള്ള 4(1) നോട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കാനാകുമെന്നും യോഗത്തെ അറിയിച്ചു. ആകെ 8.392 കിലോമീറ്റര്‍ നീളമുള്ള മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ആദ്യഘട്ടമായ മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ നിര്‍മാണം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡിന്റെ കോണ്‍ക്രീറ്റ് കാനകളുടെ പ്രവൃത്തി 4500 മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്.

നാലുവരി പാതയായി നിര്‍മിക്കുന്ന മീഞ്ചന്ത അരീക്കാട് മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാളിക്കടവ്-തണ്ണീര്‍പന്തല്‍ റോഡ്, അരയിടത്തുപാലം-അഴകൊടി ക്ഷേത്രം-ചെറൂട്ടി നഗര്‍ റോഡ്, കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര മേല്‍പ്പാലം, പെരിങ്ങളം ജംഗ്ഷന്‍ റോഡ്, മൂഴിക്കല്‍ കാളാണ്ടിത്താഴം റോഡ്, കരിക്കാംകുളം-സിവില്‍ സ്‌റ്റേഷന്‍-കോട്ടൂളി റോഡ്, മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ് റോഡ്, രാമനാട്ടുകര-വട്ടക്കിണര്‍ റോഡ്, കല്ലുത്താന്‍കടവ്-മീഞ്ചന്ത റോഡ്, മാനാഞ്ചിറ-പാവങ്ങാട് റോഡ്, പന്നിയങ്കര-പന്തീരാങ്കാവ് റോഡ്, ഫറോക്ക് പേട്ട ജംഗ്ഷന്‍ തുടങ്ങി റോഡുകളുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.

യോഗത്തില്‍ കെആര്‍എഫ്ബി പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *