മുൻ ചീഫ് സെക്രട്ടറി സി പി നായർ അന്തരിച്ചു 81 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്.ഭരണതന്ത്രജ്ഞൻ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരൻ കൂടിയായിരുന്നു .തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിഎ (ഓണേഴ്സ്) നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. കോളജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലെത്തിയത്. ഭരണപരിഷ്കാര കമ്മിഷൻ അംഗം, ദേവസ്വം കമ്മിഷണർ തുടങ്ങിയ പദവികളും വഹിച്ചു.
കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ ആർട്സ് കോളജിൽ എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.
ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1982 – 87ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
ഭാര്യ: സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി
