പാലാ സെന്റ് തോമസ് കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോളേജ് ഗ്രൗണ്ടിനടുത്ത് വെച്ച്. 2018-2021 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.ഇവരുടെ അവസാന വര്‍ഷ പരീക്ഷ ഇന്നാണ് ആരംഭിച്ചത്. രാവിലെ ഒമ്പതര മുതല്‍ പന്ത്രണ്ടര വരെയായിരുന്നു പരീക്ഷ .
പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാഡമിയുടെ കെട്ടിട നി‌ർമാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിതിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേക്കിനെയുമാണ്. പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിതിനയെ ആശുപത്രിലേക്ക് കയറ്റി വിട്ടതും ഇവരാണ്.
പ്രതി അഭിഷേക് പരീക്ഷ കഴിഞ്ഞ് നേരത്തെ ഇറങ്ങിപ്പോയെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പതിനൊന്നേ കാലായപ്പേള്‍ തന്നെ പെണ്‍കുട്ടിയും ഇറങ്ങിയെന്നാണ് വിവരം

“പണിക്കിടയിൽ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടിട്ടാണ് ഞങ്ങൾ ഓടിയെത്തുന്നത്. എത്തിയപ്പോൾ തന്നെ ഇവിടെ മുഴുവൻ രക്തമായിരുന്നു. നല്ല ആഴത്തിലുള്ള മുറിവായിരുന്നു പെൺകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ അതു വഴി വന്ന വാഹനത്തിൽ പെൺകുട്ടിയെ കയറ്റി വിടുകയായിരുന്നു,” കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് ഏറ്റെടുത്ത് ചെയ്യുകയായിരുന്ന ബിജു മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൃത്യത്തിനു ശേഷം രക്ഷപ്പെടാനുള്ള ഒരു ശ്രമവും അഭിഷേക് നടത്തിയില്ലെന്നും അടുത്ത് തന്നെയുള്ള ഒരു ബഞ്ചിൽ വിശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസ് ജീപ്പിൽ ഒരു മടിയും കൂടാതെയാണ് അഭിഷേക് കയറിയതെന്നും മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. കോളേജ് ലാബിൽ ഉപയോഗിക്കുന്ന ഒരു തരം കത്തി കൊണ്ടാണ് അഭിഷേക് നിതിനയെ ആക്രമിച്ചതെന്നും പൊലീസ് പിടികൂടുന്ന നേരത്ത് പ്രതിയുടെ വലത്തേകൈയിൽ ഒരു മുറിവുണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *