പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി രേഖപ്പെടുത്തി.
സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്. അതോടെ സ്നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി. അതിനിടെ സെക്യൂരിറ്റി ഓഫീസര്‍ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കഴുത്തിലെ ഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നാണ് അഭിഷേക് പൊലീസിന് നല്കിയ മൊഴി. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും.
കോളജ് ഗേറ്റിന് 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ അരുംകൊല.ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന് പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന് പറഞ്ഞു.
