കൊല്ലം: പൂജകളുടെയും ആഭിചാര ക്രിയകളുടെയും മറവിൽ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യാജ ജോത്സ്യനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ ഷിനു ആണ് അറസ്റ്റിലായത്. കൊല്ലം അമ്മച്ചിവീട് എന്ന സ്ഥലത്ത് ‘ശംഖ് ജ്യോതിഷം’ എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി. പരീക്ഷയിൽ ഉയർന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യുന്നതിനിടെയാണ് ഇയാൾ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.
കുട്ടിയോട് തനിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ മുറിക്ക് പുറത്ത് നിർത്തിയ ശേഷം, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിച്ചെന്നാണ് പരാതി. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിലവിൽ റിമാൻഡിലാണ്. ജ്യോതിഷത്തിൻ്റെ മറവിൽ ഇയാൾ നേരത്തെയും നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും, ഈ കേന്ദ്രത്തിൽ ആഭിചാര ക്രിയകൾ നടന്നിരുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
