ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് പിന്തുണ അറിയിച്ച് നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തുന്നത്. ആര്യന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന കത്തെഴുതി നടന് ഹൃത്വിക് റോഷന്. നടന്റെ കുറുപ്പിന്റെ താഴെ പിന്തുണ അറിയിച്ച് താരങ്ങള്‍ രംഗത്തെത്തുന്നുണ്ട്.
. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനും ഹൃത്വിക് പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്റെ കത്ത് എഴുതിയിരിക്കുന്നത്.
ഹൃത്വിക് റോഷന്റെ കത്ത്:
‘എന്റെ പ്രിയപ്പെട്ട ആര്യന്,
ജീവിതം വളരെ വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് ജീവിതത്തെ മഹത്വപൂര്‍ണ്ണമാക്കുന്നത്. നമുക്ക് മുന്നിലേക്ക് ജീവിതം പ്രതിസന്ധികളെ എറിഞ്ഞുകൊണ്ടേ ഇരിക്കും. എന്നാല്‍ ദൈവം കരുണയുള്ളവനാണ്. അവന് കരുത്തരായവര്ക്കാണ് കഠിനമായ പ്രതിസന്ധികള്‍ നല്‍കുക. നീ ഇപ്പോള്‍ കടന്നുപോകുന്ന സംഘര്പരിതമായ നിമിഷങ്ങളില്‍ നീ തിരിച്ചറിയേണ്ടതും അതാണ്. ഇപ്പോള്‍ നിനക്ക് ദേഷ്യവും, നിസ്സഹായതയും, സംശയവുമെല്ലാം അനുഭവപ്പെടുന്നുണ്ടാവും. അതെല്ലാം നിന്റെ ഉള്ളിലെ ധീരനായ വ്യക്തിയെ പുറത്തുകൊണ്ട് വരാന്‍ സഹായിക്കും. പക്ഷെ ഇതെല്ലാം തന്നെ നിന്റെ ഉള്ളിലെ നന്മയെ ഇല്ലാതാക്കാനും കാരണമാവും. സ്വയം എരിയാന്‍ അനുവദിക്കുക പക്ഷെ ആവശ്യത്തിന് മാത്രം.
തെറ്റുകളും, തോല്‍വിയും വിജയവുമെല്ലാം തന്നെ ഒരുപോലെയാണ്. അതില്‍ നിന്നെല്ലാം എന്താണ് ജീവിതത്തോട് ചേര്‍ത്ത് പിടിക്കേണ്ടതെന്നും എന്താണ് പുറത്ത് കളയേണ്ടതെന്നും മനസിലാക്കണം. പക്ഷെ ഈ അനുഭവങ്ങളില്‍ നിന്നെല്ലാം നിനക്ക് മികച്ച വ്യക്തിയായി വളരാന്‍ സാധിക്കും. എനിക്ക് നിന്നെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടേ അറിയാവുന്നതാണ്. അതിനാല്‍ നീ അനുഭവിക്കുന്നതിനെല്ലാം ചേര്‍ത്ത് പിടിക്കുക. കാരണം അതെല്ലാം നിനക്കുള്ള സമ്മാനമാണ്. സമയമാവുമ്പോള്‍ നിനക്ക് എല്ലാത്തിനും വ്യക്തത വരും. ഞാന്‍ നിനക്ക് വാക്ക് തരുന്നു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്താല്‍ ഉടന്‍ തന്നെ നിനക്ക് പ്രകാശം കാണാന്‍ സാധിക്കും. അത് നിന്നില്‍ തന്നെയുണ്ട്.
ലവ് യൂ മാന്‍’
അതേസമയം ആര്യന് ഖാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആര്യന്റെ അഭിഭാഷകന് സതീഷ് മനെഷിന്‍ഡെ മറ്റൊരു ജാമ്യാപേക്ഷ കൂടി കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
