കോഴിക്കോട്: മംഗളൂരുവിൽ നിന്നും കാറിൽ നഗരത്തിലേക്ക് 10 ലക്ഷത്തിലേറെ രൂപ
വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. എരഞ്ഞിക്കൽ ഭാഗത്ത് നിന്നാണ് പ്രതിയെ അധിവിദഗ്ധമായി പിടികൂടിയത്. ഹാൻസ് വില്പന നടത്തി കിട്ടിയ പണം കൊണ്ട് പ്രതി ആർഭാട ജീവിതം നയിക്കുകയായിരുന്നു. അതിനിടയിലാണ് ഡാൻസാഫും ചേവായൂർ പോലീസും കൂടി പ്രതിയെ പിടികൂടിയത്.
ഒക്ടോബർ 19ന് മംഗളൂരുവിൽ നിന്നും കാറിൽ നഗരത്തിലേക്ക് കടത്തി കൊണ്ട് വന്ന 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടിയിരുന്നു. എന്നാൽ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളഞ്ഞു. എരഞ്ഞിക്കൽ ഭാഗത്ത് വെച്ച് പോലീസ് കാറിനു കൈ കാണിച്ചെങ്കിലും അമിത വേഗത്തിൽ ഓടിച്ചു വേങ്ങര എത്തുകയും തുടർന്ന് പോലീസിനെ വെട്ടിച്ച് ഊടുവഴിയിലൂടെ വേങ്ങേരി കരമച്ചാടത്ത് വൻകാവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കാർ ഉപേക്ഷിച്ചു പ്രതികൾ കടന്നുകളയുകയായിരുന്നു. തുടർന്ന് ചേവായൂർ പോലീസ് കാർ കസ്റഡിയിൽ എടുത്തു. നിരോധിത പുകയില ഉത്പന്നങ്ങൾ 14 ചാക്കുകളിലായാണ് കാറിൽ സൂക്ഷിച്ചത്. മെഡിക്കൽ കോളേജ്, കുറ്റിക്കാട്ടൂർ, പൂവാട്ടുപറമ്പ്, മാവൂർ, ബേപ്പൂർ, മീഞ്ചന്ത, ബാലുശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ പ്രതിയെന്ന് പോലീസ് പറഞ്ഞു.
