തിരുവനന്തപുരം∙; തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വി.ആർ.സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്.

കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 26 വോട്ടിന് സിനി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേർ ചേർന്ന് ഇവിടെ 44 വോട്ടുകൾ പിടിച്ചിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആർ.സിനി പ്രവർത്തിച്ചതെന്ന് കോ‍ൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥൻ അനുസ്മരിച്ചു. ‘‘രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്. പ്രിയപ്പെട്ട സിനി ചേച്ചി നമ്മളെ വിട്ടുപിരിഞ്ഞു. കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലർ, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ചപോരാളിയായിരുന്നു സിനി ചേച്ചി. ഈ കോട്ടയിൽ വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. അതിനോടൊപ്പം 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു.’’ –ശബരിനാഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *