സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും പുത്തന്‍ പ്രതീക്ഷയുടെയും ആഘോഷമാണ് ക്രിസ്മസ്. ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന ബൈബിള്‍ വാക്യം മഹത്തായ നډയെ കുറിക്കുന്നു. ലോകത്തിനാകെ വെളിച്ചം പകരുന്ന ആ സന്ദേശത്തിന്റെ പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെയാകെ അസ്വസ്ഥരാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു .
.
മധ്യപ്രദേശ്, യുപി, കര്‍ണാടക, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നതിന്റെ വാര്‍ത്ത വന്നു. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി റദ്ദാക്കി. അന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജډദിനം ആഘോഷിക്കാനാണ് നിര്‍ദ്ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍ നിന്നൊക്കെ കേരളം വിട്ടു നില്ക്കും എന്നാണ് നമ്മുടെ ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളിലെ ക്രിസ്മസ്പുതുവത്സരാഘോഷ പരിപാടിയില്‍ ഗണഗീതം പാടണമെന്ന് ബി എം എസ് യൂണിയന്റെ ആവശ്യം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ പോസ്റ്റ് ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചുവത്രെ.
പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ അക്രമം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായികരിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തു വന്നത്. കരോള്‍ സംഘങ്ങളെ അപമാനിക്കുന്നരീതിയില്‍, അവര്‍ പൊതുവായി മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോള്‍ നടന്നതെന്നുമുള്ള ന്യായീകരണങ്ങളാണ് ചില മുതിര്‍ന്ന നേതാക്കള്‍ നിരത്തിയത്. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.
ചില സ്വകാര്യ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ആര്.എസ്.എസ് അനുകൂല സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചില സ്കൂളുകള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ തടയുന്നവര്‍ക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്കൂളുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇത്തരം ശക്തികള്‍ തലപൊക്കുന്നു എന്നത് ഗൗരവമായി കാണുന്നു. ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാന്‍ കഴിയില്ല.
രാജ്യത്തിന്റെ ബഹുസ്വരതയോടും സഹവര്‍ത്തിത്വത്തോടും വിപ്രതിപത്തി വച്ചു പുലര്‍ത്തുന്ന കൂട്ടരാണ് സംഘപരിവാർ.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ക്രിസ്മസിന് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിക്കുന്നത്.
2025 ഏപ്രില്‍ 4 ന് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തിനെ പരാമര്‍ശിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടതും ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പ് കാട്ടിത്തന്ന സംഭവമായിരുന്നു. അപരമത വിദ്വേഷം പടര്‍ത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളെ നമ്മുടെ നാട് ഒരു തരത്തിലും അംഗീകരിക്കില്ല എന്ന ആവര്‍ത്തിച്ചു പറയേണ്ട സന്ദര്‍ഭം കൂടിയാണ് ഈ ക്രിസ്മസ് പുതുവത്സര വേള.
ഇതിനോട് ചേര്‍ത്തു പറയേണ്ട മറ്റൊന്നാണ് വാളയാറിലെ കൊലപാതകം. ആ ഹീന സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് കഴിഞ്ഞു. അവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തും. അതിന് എന്തൊക്കെ നിയമപരമായ മുന്‍കരുതല്‍ സ്വീകരിക്കണമോ അതെല്ലാം സര്‍ക്കാര്‍ സ്വീകരിക്കും. പ്രത്യേക അന്വേഷണ സംഘം ആണ് കേസന്വേഷിക്കുന്നത്.
അപരവിദ്വേഷത്തിന്റെ ആശയങ്ങളില്‍ പ്രചോദിതരായ ഒരു സംഘം ആളുകള്‍ ആണ് പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ ബാഗേലിനെ കൊലപ്പെടുത്തിയത്. പ്രതികളില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലവും വര്‍ഗ്ഗീയ മനസ്ഥിതിയും ഉള്ളവരാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തി വിജിയിപ്പിച്ച ആള്‍ക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ച് നടാന്‍ ശ്രമിക്കുകയാണ്. കേരളം അതിനു പറ്റുന്ന മണ്ണല്ല എന്ന് തെളിയിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. ബംഗ്ളാദേശി കുടിയേറ്റക്കാരന് എന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരനെ ചാപ്പകുത്തുകയും ചെയ്തു. ആരെയും കടന്നാക്രമിക്കാന്‍ ഇത്തരം ചാപ്പകുത്തലുകള് ആയുധമാക്കുന്നത് നാം ഉത്തരേന്ത്യയിലാണ് മുന്‍പ് കണ്ടിട്ടുള്ളത്. അത് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത് സംഘപരിവാറിന്റെ സ്വപ്നമാകാം.
റാംനാരായണന്‍ ബാഗേല്‍ കൊല്ലപ്പെട്ടത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കുടുംബത്തെ സംരക്ഷിക്കാനാണ് ആ ചെറുപ്പക്കാരന് ഛത്തീസ്ഗഢില്‍ നിന്ന് ഇവിടെയെത്തിയത്. രണ്ട് കുഞ്ഞുമക്കളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബം ബാഗേല്‍ കൊല്ലപ്പെട്ടതോടെ ആശ്രയമില്ലാത്തവരായി. ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 30 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപ വീതവും, രണ്ട് മക്കള്‍ക്ക് 10 ലക്ഷം രൂപ വീതവുമാണ് നല്‍കുക. മക്കളുടെ പേരിലൂള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നല്‍കും. അതില്‍ നിന്ന് ലഭിക്കുന്ന പലിശ മക്കളുടെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അമ്മയ്ക്ക് നല്‍കാനും തീരുമാനിച്ചു.
മറ്റൊരനുഭവം നോക്കുക. കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ സ്വദേശി ദുര്‍ഗ്ഗ കാമിനിക്ക് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച ചാത്തനൂര്‍ സ്വദേശി ഷിജിയുടെ ഹൃദയം ആണ് ദുര്‍ഗ്ഗാ കാമിനിക്ക് നല്‍കിയത്.
നേപ്പാള്‍ സ്വദേശിക്ക് ഹൃദയം നല്‍കിയത് ഒരു മലയാളി. അതിന് നേതൃത്വം നല്‍കിയത് സര്‍ക്കാര്‍ ആശുപതിയിലെ മലയാളി ഡോക്ടര്‍മാര്‍. ഹൃദയവുമായി പറന്നത് സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍. ഹൃദയം മാറ്റി വെയ്ക്കേണ്ട വ്യക്തിയുടെ ഭാഷയോ മതമോ ലിംഗമോ രാജ്യമോ നോക്കിയാണോ നമ്മള് ഇത് ചെയ്തത്. ഇതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മഹനീയത, സാഹോദര്യം, മാനവിക മൂല്യം, മനുഷ്യ സ്നേഹം.
കേരളം അതിന്റെ സംസ്കാരം എടുത്ത് കാണിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നശീകരണ മനസുള്ളവര്‍ ആ നന്മയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജാഗ്രത കൂടുതല്‍ ശക്തമാക്കണം എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കട്ടെ.
കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് ആര് എസ് എസ് ആണ്. ആര് എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്റെ മതേതര മനസ്സ്. വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര് എസ് എസ് പ്രയോഗിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘ ശാഖകള്‍ ഇവിടെ ഉണ്ടാക്കി എന്നഹങ്കരിച്ചു. പക്ഷേ നാടിന്റെ പിന്തുണയോ ജനങ്ങളുടെ അനുഭാവമോ ആര്‍ജിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന്റെ മറ്റു പലഭാഗത്തും സ്വന്തമാക്കി എന്ന് ആര് എസ് എസ് അഹങ്കരിക്കുന്ന വിജയങ്ങളും അവര്‍ക്കുണ്ടായില്ല. അങ്ങനെയുള്ള പരാജയങ്ങളുടെയും തിരിച്ചടികളുടെയും നൈരാശ്യത്തിന്റെ ചരിത്രം മാറ്റാനാണ് രാജ്യത്തിന്റെ ഭരണാധികാരം എന്ന ആയുധം അവര്‍ പ്രയോഗിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ധനകാര്യ ബന്ധങ്ങള്‍ എങ്ങനെ ആകാന്‍ പാടില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നീക്കവും.
മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്.
ഗ്യാരന്റിയും വായ്പയും രണ്ടാണെന്ന് 1999ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ പരിധിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്നത്. കിഫ്ബിക്ക് നല്കുന്ന ഗ്യാരന്റിയെ സംസ്ഥാനത്തിന്റെ വായ്പയായി ബോധപൂര്‍വ്വം കണക്കാക്കുന്ന വികലമായ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വായ്പാ പരിധി വെട്ടിക്കുറവ്.
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തി 2025 ഒക്ടോബര്‍ 9ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനു വിശദമായ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പല അപേക്ഷകളും തീരുമാനമാകാതെ കേന്ദ്രത്തിന്റെ പരിഗണനയില്‍ മാത്രമായി അവശേഷിക്കുകയാണ്. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും വമ്പിച്ച കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 2021 മാര്‍ച്ചില്‍ 47,000 കോടി രൂപയായിരുന്ന തനത് നികുതി വരുമാനം ഇപ്പോള്‍ ഏകദേശം 80,000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു എന്നത് കേവലമൊരു നേട്ടമല്ല, മറിച്ച് ചിട്ടയായ ധനമാനേജ്മെന്റിന്റെ ഫലമാണ്. എന്നാല്‍ നമ്മള് ഇത്രയും കഷ്ടപ്പെട്ട് നേടിയെടുത്ത പുരോഗതിയെ അപ്രസക്തമാക്കും വിധം അര്‍ഹമായ വിഹിതം നിഷേധിച്ചും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ വരിഞ്ഞുമുറുക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനം ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ മാസങ്ങളായി കേന്ദ്രത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ജി.എസ്.ടി. സമ്പ്രദായം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഗണ്യമായി പരിമിതപ്പെട്ടുവെന്നത് നിങ്ങള്‍ക്കറിയാം.
എന്നാല്‍, ജി.എസ്.ടി. നിരക്കുകളില്‍ വരുത്തപ്പെട്ട മാറ്റങ്ങള്‍ (Rate Rationalization) മൂലം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 8,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടാകാന്‍ പോകുന്നത്. ഇതിന്റെ ആഘാതം ചെറുതല്ല. നഷ്ടപരിഹാരം ഇപ്പോള്‍ നിലവിലില്ല.
ഇതിനു പുറമെ, അന്താരാഷ്ട്ര വ്യാപാര രംഗത്തുണ്ടായ തിരിച്ചടികള്‍, പ്രത്യേകിച്ച് അമേരിക്ക ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങള്‍ നമ്മുടെ കയറ്റുമതി മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 2,500 കോടിയോളം രൂപയുടെ അധിക വാര്‍ഷിക നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. ഇത്രയേറെ വെല്ലുവിളികള്‍ക്കിടയിലാണ് ഐ.ജി.എസ്.ടി (IGST) സെറ്റില്‍മെന്റിന്റെ പേരില്‍ 965.16 കോടി രൂപ മുന്‍കൂര്‍ വിനിയോഗം ക്രമീകരിച്ചു എന്ന സാങ്കേതിക ന്യായം പറഞ്ഞ് 2025 ഏപ്രിലില്‍ വെട്ടിക്കുറച്ചത്. ഐജിഎസ്ടി വിഹിതത്തെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഇത് നമ്മുടെ ധനപരമായ നിലയെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. കേന്ദ്രം നടത്തുന്ന ഈ ഏകപക്ഷീയമായ തിരിച്ചുപിടിക്കലുകള്‍ സംസ്ഥാനത്തിന്റെ ബജറ്റ് ആസൂത്രണത്തെ തകിടം മറിക്കുന്നതാണ്.
കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന വിവേചനം കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പതിനൊന്നാം ധനകാര്യ കമ്മീഷന് കാലയളവില്‍ 3.05 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷന് ആയപ്പോഴേക്കും 1.92 ശതമാനമായി കുറഞ്ഞു. നാല് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് അത് 25 മുതല്‍ 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതായത് ആകെ റവന്യൂ വരുമാനത്തിന്റെ 70 മുതല്‍ 75 ശതമാനം വരെ സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ നമുക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം മാറ്റുകയാണ്.
ഭരണഘടനയുടെ 293(3) വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കേരളത്തിനെതിരായ ഒരു രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നത്. കിഫ്ബി (KIIFB), സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് (KSSPL) തുടങ്ങിയ ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുകയെ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കുന്ന വിചിത്രമായ വാദമാണ് കേന്ദ്രം ഉയര്‍ത്തുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 3.4 ലക്ഷം കോടി രൂപയുടെ കടം കേന്ദ്രത്തിന്റെ കടത്തില്‍ കൂട്ടില്ലെന്ന് പറയുന്ന അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ കിഫ്ബിയുടെ വായ്പയുടെ പേരില്‍ നമ്മളെ വരിഞ്ഞു മുറുക്കുന്നത്.
2025-26 വര്‍ഷത്തില്‍ മാത്രം 14,358 കോടി രൂപയാണ് നമ്മുടെ വായ്പാ പരിധിയില്‍ നിന്നും കേന്ദ്രം ഇത്തരത്തില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതില്‍ കിഫ്ബി/പെന്ഷന് കമ്പനി വായ്പകളുടെ പേരില്‍ കിഴിവ് ചെയ്ത 4,711 കോടിയുടെ അവസാന ഗഡുവും ഉള്‍പ്പെടുന്നു. ഇത്തരം നടപടികള്‍ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ സാധ്യതയെ ഗണ്യമായി പരിമിതപ്പെടുത്തി.
മറ്റൊരു പ്രധാന വിഷയം ഗ്യാരണ്ടി റിഡംപ്ഷന് ഫണ്ടുമായി (GRF) ബന്ധപ്പെട്ടതാണ്. കേരളം ഇതിനകം തന്നെ ഈ ഫണ്ട് രൂപീകരിക്കുകയും 250 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതില്‍ അശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും കുടിശ്ശിക ആരോപിക്കുകയും ചെയ്ത് 3,323 കോടി രൂപ കൂടി ഈ വര്‍ഷത്തെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറച്ചു. റിസര്‍വ് ബാങ്ക് അഞ്ചു വര്‍ഷത്തെ കാലാവധി നല്കിയ ഒരു കാര്യത്തില്‍ ഇത്തരമൊരു വെട്ടിക്കുറയ്ക്കല്‍ നടത്തിയത് കേരളത്തിന്റെ വികസന മാതൃകയെ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ്.
സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി എസ്പിവികളുടെ ഓഫ് ബഡ്ജറ്റ് വായ്പകളുടെ പേരില്‍ 5,944 കോടി രൂപ കൂടി അധികമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കവും ഇതേ ഗണത്തില്‍പ്പെടുന്നതാണ്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലേക്ക് വായ്പ എടുക്കുന്നതിനായി 12,516 കോടി രൂപയ്ക്ക് അപേക്ഷ നല്‍കിയതില്‍ നിന്നും വെറും 5,636 കോടി രൂപയ്ക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത് എന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വെളിപ്പെടുത്തുന്നു.
ദേശീയപാതാ വികസനത്തില്‍ കേരളം കാണിച്ച മാതൃകാപരമായ സമീപനത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം എന്താണെന്ന് ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനം വഹിക്കാന്‍ തയ്യാറായ രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇതിനായി അംഗീകരിച്ച 6,769 കോടിയില്‍ ഇതിനകം നമ്മള് കൈമാറിയത് 5,580 കോടി രൂപയാണ്. വികസനത്തോടുള്ള നമ്മുടെ ഈ സന്നദ്ധതയെ അംഗീകരിക്കുന്നതിന് പകരം, ആ തുകയെയും നമ്മുടെ സാധാരണ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. നമ്മുടെ ഈ നിക്ഷേപത്തെ ‘വായ്പ’യായി കണ്ട് വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ വന്‍കിട വികസന പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കാന് മാത്രമേ സഹായിക്കൂ.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) കണക്കെടുപ്പില്‍ പോലും അപാകതകള്‍ വരുത്തിക്കൊണ്ട് നമ്മുടെ വായ്പാ പരിധി വെട്ടിച്ചുരുക്കുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന് നിര്‍ദ്ദേശിച്ച ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തുന്ന ഈ കണക്കെടുപ്പിലൂടെ 4,250 കോടി രൂപയുടെ അധിക വായ്പയ്ക്കുള്ള അര്‍ഹത കേരളത്തിന് നിഷേധിക്കപ്പെടുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്ത രീതിശാസ്ത്രം (Methodology) പ്രകാരം കേരളത്തിന്റെ എന്‍ബിസി (NBC-നെറ്റ് ബോറോയിംഗ് സീലിംഗ്) 44,126 കോടിയായിരിക്കേണ്ടിടത്ത് കേന്ദ്രം അത് 39,876 കോടിയായി പരിമിതപ്പെടുത്തി.
ഇതിനു പുറമെ, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1877.58 കോടിയുടെ അധിക വായ്പ, അന്തിമ ജിഎസ്ഡിപി കണക്കുകള്‍ വരുന്നതിനു മുന്‍പേ തന്നെ 2024-25 ലെ പരിധിയില്‍ നിന്നും ക്രമീകരിച്ചു. ഇത്തരത്തില്‍ ഓരോ ഇനത്തിലും തുക വെട്ടിക്കുറയ്ക്കുമ്പോള്‍ കേരളം നേരിടുന്നത് ഒരു കൃത്യമായ സാമ്പത്തിക ഉപരോധമാണ്. കേന്ദ്രത്തിന്റെ ഈ നയം മൂലം മൊത്തത്തില്‍ 1,07,513 കോടി രൂപയുടെ വിഭവ നഷ്ടമാണ് കേരളത്തിന് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.
കേരളത്തിന്റെ ലോട്ടറി ഏതുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അതുകൊണ്ട് ജീവിക്കുന്നത് സമൂഹത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന അനേകായിരങ്ങളാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട; മറ്റൊരു ജീവനോപാധിയും ഇല്ലാത്ത; ഭിന്നശേഷിക്കാരായ പാവങ്ങളുടെ ജീവിതമാര്‍ഗമായ ആ ലോട്ടറിയെ അനധികൃത ചരക്കുകളുടെ കൂട്ടത്തില്‍ പെടുത്തി 40% നികുതി ചുമത്തിയത് എന്ത് പറഞ്ഞാണ് യൂണിയന് സര്‍ക്കാരിന് ന്യായീകരിക്കാന്‍ ആവുക? ഏറ്റവും സുതാര്യമായി നടക്കുന്ന കേരള സംസ്ഥാന ലോട്ടറിയെ പോലും ഇങ്ങനെ ദ്രോഹിക്കുന്നത് ഏതു ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണ്?
ഇത്രയേറെ സാമ്പത്തിക പ്രയാസങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പതറാതെ മുന്നോട്ടു പോയിട്ടുണ്ട്. ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനും, 4.71 ലക്ഷം പേര്‍ക്ക് വീട് നല്കിയ ലൈഫ് മിഷനിലൂടെ 5 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താനും പ്രതിജ്ഞാബദ്ധമായ നീക്കങ്ങളാണ് നടക്കുന്നത്. ക്ഷേമ പെന്ഷന് 600 രൂപയില്‍ നിന്നും 2000 രൂപയാക്കി ഉയര്‍ത്തിയത് 60 ലക്ഷം പേര്‍ക്കാണ് ആശ്വാസമാകുന്നത്. യുഡിഎഫ് കാലത്ത് വെറും 34 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം ഇന്ന് 60 ലക്ഷമായി ഉയര്‍ന്നുവെന്നത് സാധാരണക്കാരോടുള്ള ഈ സര്‍ക്കാരിന്റെ കരുതലിന്റെ അടയാളമാണ്. എന്നാല്‍ ഈ സാമ്പത്തിക വരിഞ്ഞുമുറുക്കല്‍ നമ്മുടെ കുതിപ്പിന്റെ വേഗത കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ഹമായ പണം കേന്ദ്രം തടഞ്ഞു വെക്കുന്നത് മൂലം നമ്മുടെ ആശുപത്രികളിലെയും സ്കൂളുകളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കും റോഡ് നവീകരണത്തിനുമെല്ലാം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്.
ഈ അനീതിക്കെതിരെ കേരളത്തിന്റെ ശബ്ദം ഒന്നിച്ച് ഉയരേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ഈ നീക്കങ്ങളെ തുറന്നു കാട്ടുന്നതിന് പകരം അവയ്ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്നത്. കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിനായി കേന്ദ്രത്തിന് നിവേദനം നല്കാന് പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവും യു.ഡി.എഫ് എം.പിമാരും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്ത ഇവര്‍, രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ വികസനത്തെ ബലികൊടുക്കുകയാണ്. കേന്ദ്ര ഗ്രാന്റ് ഇന്‍എയ്ഡില്‍ 15,309.60 കോടി രൂപയുടെ കുറവ് (56%) ഉണ്ടായിട്ടും ഇവര്‍ മൗനം പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? കേരളത്തിനെ അപമാനിക്കാനും വികസനം മുടക്കാനും ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒന്നുപോലും ഇവര്‍ പാഴാക്കുന്നില്ല എന്നതും ലജ്ജാകരമാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ യു.ഡി.എഫ് സമീപനം എന്താണ്? എന്താണ് ലോക്സഭയില്‍ 18 എം പി.മാര്‍ കൈക്കൊള്ളുന്ന സമീപനം? എങ്ങനെ കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്ന ലക്ഷ്യത്തോടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ നമ്മുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിരെ കേന്ദ്ര ഭരണകക്ഷിയോട് ചേര്ന്നുനില്ക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം. ഐ.ജി.എസ്.ടി വിഹിതം ഉടനടി പുനഃസ്ഥാപിക്കാനും, അന്യായമായി വെട്ടിക്കുറച്ച വായ്പാ പരിധി തിരികെ നല്‍കാനും കേന്ദ്രം തയ്യാറാകണം. ജി.എസ്.ഡി.പി കണക്കുകളിലെ അപാകത പരിഹരിച്ച് അര്‍ഹമായ കടമെടുപ്പ് അവകാശം കേരളത്തിന് നല്‍കേണ്ടതുണ്ട്. നമ്മള് ചോദിക്കുന്നത് ദാനമല്ല, മറിച്ച് ഭരണഘടനാപരമായ അവകാശമാണ്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ജനാധിപത്യപരമായ പോരാട്ടം നമ്മള് തുടരും.
ഈ സന്ദര്‍ഭത്തില്‍ ഞാന്‍ കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഒന്നുമാത്രമാണ്: നമ്മുടെ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ഏതു പ്രതിസന്ധിയിലും സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ പ്രതിരോധത്തിലൂടെ നമ്മള് മറികടക്കും. പ്രളയങ്ങളെയും മഹാമാരികളെയും അതിജീവിച്ച കേരളത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങള്‍ വിജയിക്കില്ല. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ജീവിതനിലവാരമുള്ള ഒരു നവകേരളം നിര്‍മ്മിക്കാനുള്ള നമ്മുടെ യാത്രയില്‍ എല്ലാ മലയാളികളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഒറ്റക്കെട്ടായി നിന്നാല്‍ ഒരു ശക്തിക്കും കേരളത്തിന്റെ കുതിപ്പിനെ തടയാനാവില്ല. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. നമ്മുടെ ക്ഷേമ പദ്ധതികള്‍ എന്ത് ത്യാഗം സഹിച്ചും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും.
ഇന്ന് മന്ത്രിസഭാ യോഗം എടുത്ത ഒരു തീരുമാനം വോട്ടര്‍പ്പട്ടിക സംബന്ധിച്ചുളളതാണ്.
2025 ലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്ന് 24,08,503 പേര് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 19,32,000 പേര് വോട്ടവകാശം ഉറപ്പാക്കാന്‍ രേഖകളുമായി വീണ്ടും ഹിയറിംങ്ങിന് ഹാജരാകേണ്ടിവരും. നിലവില്‍ 18 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവര്‍ അവരുടെ ബന്ധുത്വം 2002 ലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തില്‍ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാന്‍ വീണ്ടും ഈ പ്രക്രിയയില്‍ കൂടി കടന്നു പോകേണ്ട കഠിനമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അത് പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാവുന്നില്ല.
ഇതുകൂടാതെ 2002 ല്‍ എന്തെങ്കിലും കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ ഇപ്പോള്‍ പുറത്താക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. അതിനു മുമ്പും ശേഷവും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പലരും എസ്ഐആറില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. അതിന്റെ കണക്ക് എത്രയെന്ന് നലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്ന വ്യക്തികളാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഇവിടെ പ്രധാനം. ചില ബൂത്തുകളില്‍ അവിശ്വസനീയമായ തരത്തില്‍ വോട്ടമാര്‍ ഒഴിവാക്കപ്പെടുന്നു. ഉദാഹരണം. പോളിങ്ങ് സ്റ്റേഷന് 138 ശ്രീവരാഹം. ഈ ബുത്തില്‍ ആകെയുള്ള 1224 വോട്ടര്‍മാരില്‍ 704 പേരുടെ വിവരം ലഭ്യമല്ല എന്നാണ് കാണുന്നത്. ഇത് സംശയാസ്പദമാണ്. സംസ്ഥാനത്ത് മറ്റു ചിലയിടങ്ങളിലും ഇതേ സാഹചര്യമുണ്ട്.
അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സര്‍ക്കാരിനുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കും. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ സൗകര്യമൊരുക്കും. ഹെല്‍പ്പ് ഡെസ്കുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താല്‍ക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയില്‍ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടര്‍മാരെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫീസര്‍മാരുടെ ആവശ്യപ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ ക്യാമ്പയിന് പരിപാടികള്‍ സംഘടിപ്പിച്ച് ആവശ്യമായ ബോധവല്‍ക്കരണവും നടത്തും.
തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ അനാവശ്യ ധൃതിയില്‍ നടത്തുന്നത് ആശാസ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥന നടത്തിയിട്ടും ധൃതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതിതീവ്ര പരിശോധനയുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യത്തിന്റെ ഉത്തമ താല്പര്യങ്ങള് സംരക്ഷിക്കാന്‍ അല്ല.
നേറ്റിവിറ്റി കാര്‍ഡ്
സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ നല്കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാര്‍ഡ് നല്‍കുക.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.
