കുളം കലക്കി മീൻ പിടിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നീക്കമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് കെ സി വേണുഗോപാലിൻ്റെ ശ്രമമെന്നും എ കെ ബാലൻ പാലക്കാട് പറഞ്ഞു.

വിഡി സതീശനെ ഒരു ഭാഗത്തും രമേശ് ചെന്നിത്തല വേറൊരു ഭാഗത്തും നിർത്തി. അവസാനം സമവാക്യത്തിൽ വേണുഗോപാലാണ് ഏറ്റവും നല്ലതെന്ന് ഹൈക്കമാൻഡിനെ കൊണ്ട് പറയിപ്പിച്ച് ആ നാടകം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ജയിച്ചു കഴിഞ്ഞാലണല്ലോ ഈ പ്രശ്‌നം ഉണ്ടാവുക. വേണുഗോപാൽ മത്സരിക്കാൻ പോകുന്നില്ലെന്ന് എകെ ബാലൻ പറഞ്ഞു.

മുസ്ലിം ലീഗിനെ പേടിച്ച് എകെ ആന്റണിയെ പുകച്ച് പുറത്തുചാടിച്ചവരാണ് അവരെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നിയമസഭാ സമാജികന്മാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിട്ടും അദേഹത്തെ ചതിച്ചു. ഹൈക്കമാൻഡ് ഇടപെട്ടു. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് എകെ ബാലൻ പറഞ്ഞു.

കെസി വേണുഗോപാൽ അവസാനം എല്ലാം നശിപ്പിക്കും. വർഗീയ കലാപങ്ങൾ തടഞ്ഞത് ഇടത് സർക്കാരാണെന്ന് എകെ ബാലൻ പറഞ്ഞു. കേരളത്തിൽ നടക്കാൻ പാടില്ലാത്തത് പാലക്കാട് നടന്നു. ആർഎസ്എസും ജമാഅത്തെയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയനെന്ന് എകെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ ശക്തമായി ഇടതുപക്ഷം എതിർത്തുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോൾ പല മാറാടുകളും ആവർത്തിക്കും‌. ജമാഅത്തെ ഇസ്‌ലാമിയെക്കാൾ വലിയ വർഗീയതയാണ് ലീഗ് പറയുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം വേണം. ഇതിൽ എൻ എസ് എസിന് മാത്രമേ പ്രശ്നം ഉണ്ടാകൂ. എല്ലാവരെയും സമവായത്തിൽ എടുക്കാൻ കഴിയണമെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *