അമ്മയില്‍ നിന്നും നവജാത ശിശുവിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോയാല്‍ അനുപമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം. പ്രശ്‌ന പരിഹാരത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
അനുപമ നിയമപരമായി നീങ്ങിയാല്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും കുഞ്ഞിനെ അമ്മക്ക് ലഭിക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിചേര്‍ത്തു. കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അടിയന്തര നടപടി.
പ്രസവിച്ച് മൂന്നാം ദിവസം അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് അറിവ് . കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണത്തില്‍ മേല്‍നോട്ട വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
