സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷുഹൈബ്‌ വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കും പരിക്ക്. കൂത്തുപറമ്പ് നീര്‍വേലിക്കടുത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. അശ്വന്ത് കണ്ണൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ശനിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവര്‍ സഞ്ചരിച്ച കാര്‍ നീര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ ആകാശ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.

അപകടത്തില്‍പ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷുഹൈബ്‌ വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ അടുത്തിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും ചോദ്യംചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *