എൽപിജി പ്രതിസന്ധിയിൽ ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആർ അനിൽ. 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്. ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. ഗാർഹികേതര സിലിണ്ടറുകൾ 20 ശതമാനം എന്നത് 30 ആയി ഉയർത്തണമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂം സന്ദർശിച്ച ശേഷമാണ് പ്രതികരണം.
14536 സിലിണ്ടറുകൾ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാർഹികേതര പാചക വാതക വിതരണം മുൻഗണനാ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം എൽപിജിയുമായി ഹോർമുസ് കടലിടുക്ക് പിന്നിട്ട രണ്ട് കപ്പലുകൾ അടുത്ത ദിവസം ഇന്ത്യൻ തീരത്തെത്തും. ഹോർമുസ് കടന്ന ഇന്ത്യൻ പതാകയേന്തിയ ശിവാലിക് നന്ദാദേവി കപ്പലുകളാണ് നാളെയോടെ ഇന്ത്യൻ തീരത്തെത്തുക. 92, 700 ടൺ LPG ശേഖരവുമായാണ് കപ്പലുകൾ മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലെത്തുക.
വിവിധ സംസ്ഥാനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പരിശോധിക്കുന്നതിന് തിരച്ചിൽ തുടരുകയാണ്. പാചകവാതക പ്രതിസന്ധിയി ൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. പൈപ്പ് വഴി പ്രകൃതിവാതക കണക്ഷനുള്ള വീടുകളിൽ ഇനിമുതൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുമതിയില്ല. പുതിയ ഭേദഗതി ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കി. ഇരട്ട കണക്ഷനുകൾ ഒഴിവാക്കി പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
