പാലാ നഗരസഭയില്‍ സി.പി.ഐ.എമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും നേതാക്കന്മാര് തമ്മില്‍ സംഘര്‍ഷം.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. കേരള കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്നം സി.പി.ഐ.എമ്മിന്റെ കൗണ്‍സിലര്‍ ഉന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ രംഗത്തെത്തി. അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടത്തിനാണ് പരിക്കേറ്റത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനും മര്‍ദ്ദനമേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.
ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്മാന് അറിയിച്ചു. പിരിഞ്ഞുപോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മര്‍ദ്ദിച്ചെന്നാണ് വിവരം. നിലത്തുവീണ ബൈജു നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
നിര്‍ണായകമായ പാലായില്‍ത്തന്നെ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും ഭിന്ന ചേരികളിലാവുന്നത് നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഇടതുകേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്.
