വള്ളിയോത്തെയും പരിസര പ്രദേശങ്ങളിലെയും തലമുറകളുടെ അദ്ധ്യാപിക ടി.റൈഹാന ടീച്ചർ നീണ്ട 38 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കുകയാണ്

പി.ടി.എം.യു.പി സ്കൂളിൽ 25 വർഷത്തോളം അധ്യാപികയായും 13 വർഷക്കാലം പ്രഥമാധ്യാപികയായും സേവനമനുഷ്ടിച്ച റൈഹാന ടീച്ചർ നടന്നകന്ന പാതകളത്രയും അവിസ്മരണീയമാക്കിയാണ് തൻ്റെ സർവീസ് ജീവിതം അവസാനിപ്പിക്കുന്നത്. ‘

പി.ടി.എം.യു.പി.സ്കൂളിലെ സൗമ്യ സാന്നിദ്ധ്യമായ ടീച്ചറുടെ പ്രസന്നമായ ആ മുഖം സർവീസ് തീവിതത്തിലെ അനിവാര്യതയായ റിട്ടയർമെൻ്റാടുകൂടി നഷ്ടപ്പെടുകയാണ്.
പഴയ തലമുറയിലെ അധ്യാപകരോടുള്ള ബഹുമാനവും പേടിയും കലർന്ന കുട്ടികൾ മുതൽ പുതിയ തലമുറയിലെ “അടിപൊളി ” കുട്ടികൾ വരെയുള്ള തലമുറ മാറ്റത്തിന് നേർസാക്ഷിയാവാനും ഇരുതലമുറയെയും സ്നേഹം ഏറ്റുവാങ്ങാൻ തൻ്റെ സ്വതസിദ്ധ ശൈലിയിലൂടെ ടീച്ചർക്ക് സാധിച്ചു എന്നതാണ് ഈ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ മാസ്മരികത.

കുട്ടികൾക്ക് മാത്രമല്ല, സഹപ്രവർത്തകർക്കും ഒരു വഴികാട്ടിയും ഗുണകാംക്ഷിയുമാണ് ടീച്ചർ.
പ്രഥമാധ്യാപിക എന്ന നിലയിൽ സ്കൂളിനെ സബ് ജില്ലയിലെ മറ്റേത് സ്കൂളിനോടും കിടപിടിക്കുന്ന രീതിയിൽ അക്കാദമിക – കലാരംഗങ്ങളിലെല്ലാം മുന്നിട്ട് നിർത്താൻ ടീച്ചർ എന്നും ജാഗ്രത പുലർത്തിയിരുന്നു.

സഹപ്രവർത്തകരായ അധ്യാപകരുടെ വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ പോലും സ്വന്തം കാര്യത്തോളമോ അതിലുപരിയോ പ്രാധാന്യം നൽകി നിർവഹിക്കാനും നിരന്തരം അത്തരം കാര്യങ്ങളിൽ അന്വേഷണം നടത്താനും ടീച്ചർ ഒട്ടും മടി കാണിച്ചിരുന്നില്ല.

എന്നാൽ അക്കാദമിക പ്രവർത്തനങ്ങൾക്കും സ്കൂൾ കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾക്ക് വേണ്ടിയും ഒരു വിട്ടുവീഴ്ചക്കും ടീച്ചർ തയ്യാറായിരുന്നുമില്ല. അത് സഹപ്രവർത്തകരിൽ നിന്നായാലും മേലധികാരികളിൽ നിന്നായിരുന്നാലും.

സ്കൂളിലെ പ്രഥമാധ്യാപകരുടെ ചുമതല അങ്ങേയറ്റം ശ്രദ്ധയും കരുതലും വേണ്ട ഒന്നാണ്. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് അധികാരികൾ ആവശ്യപ്പെടുന്ന പല കാര്യങ്ങളും മുകളിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടി വരിക. അതും രണ്ടും മൂന്നും വർഷങ്ങൾ പഴക്കമുള്ളതോ ഒരിക്കൽ പോലും പ്രാധാന്യത്തോടെ പറയാത്തതോ ഒക്കെ ആവാം.
നിധി കാക്കുന്ന ഭൂതം കണക്കെ ഇതെല്ലാം ഭദ്രമാക്കി ഒരു സൂക്ഷിപ്പുകാരനായിരിക്കുകയെന്നത് അപാരമായ ഓർമശക്തിയും ജാഗ്രതയും കാട്ടിയാവണം. ഔദ്യോഗികമായ ഈ തിരക്കുകൾക്കിടയിലെല്ലാം സ്വന്തം കുടുംബ കാര്യവും ഒന്നിച്ച് കൊണ്ട് പോവാൻ ടീച്ചർക്ക് സാധിച്ചു.

സ്വന്തം നാട്ടിലെ സ്കൂളിൽ സ്വന്തം നാട്ടിലെ കുട്ടികൾക്ക് ഏറ്റം പ്രിയങ്കരമാം വിധം അധ്യാപനകാലം പൂർത്തീകരിക്കുകയെന്നത് മഹാഭാഗ്യമല്ലാതെ മറ്റെന്താണ്. വിവാഹിതയായി മറ്റൊരു നാട്ടിൽ കുടുംബ ജീവിതം നയിച്ചപ്പോഴും സ്വന്തം ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച നാട്ടിൽ
അധ്യാപകനായ ഉപ്പയോടും ഉമ്മയോടുമൊപ്പം തൻ്റെ സർവീസ് ജീവിതകാലവും ചിലവഴിക്കാനായത് മഹാഭാഗ്യം തന്നെ.

സർവീസ് ജീവിതത്തിൻ്റെ പടികളിറങ്ങുമ്പോൾ ഈ ഓർമകളും ടീച്ചർക്കൊപ്പം പിന്നിലേക്ക് മറയപ്പെടും.,,
ഈ പ്രവർത്തനങ്ങളെല്ലാം ഭംഗിയായി കൊണ്ട് പോവാൻ ടീച്ചർക്ക് കഴിഞ്ഞത് കോഴിക്കോട് റഹ് മാനിയ സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ച ഭർത്താവ് നാസർ മാസ്റ്ററ്റുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയാവണം.

പൊതു പ്രവർത്തക കൂടിയായ ടീച്ചർ നിരവധി മത-സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.

കുടുംബം:
മക്കൾ: റജിന, സഫ്ന, ഷൗക്കിൻ, ആദിൽഷാ (അധ്യാപകൻ,AUPS അമ്പലപ്പൊയിൽ ഈസ്റ്റ് )
മരുമക്കൾ: കൗസർ ഈർപ്പോണ (അധ്യാപകൻ MJHSS, Eletil), അസ്ഹർ കക്കാട്, മുക്കം ( ബിസിനസ്സ്), കെൻസ് നിലമ്പൂർ (മെക്കാനിക്കൽ എഞ്ചിനീയർ,ഖത്തർ) അനുനഷ് വ (വിദ്യാർത്ഥിനി, കമ്പ്യൂട്ടർ സയൻസ്) കുന്ദമംഗലം.

ടീച്ചർക്കുള്ള യാത്രയയപ്പ് യോഗം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ 2021 ഏപ്രിൽ 8 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ പി.ടി.എം.യു.പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *