തൃശ്ശൂർ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത നീക്കി പൊലീസ്. യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധത്തിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ടി എൻ പ്രതാപന്റെ അറസ്റ്റ് തടയാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. റോഡിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നതിനാൽ പൊലീസ് അറസ്റ്റ് തുടരുകയായിരുന്നു.
‘തെറ്റ് ചെയ്തത് ചൂണ്ടിക്കാണിക്കുകയാണ് താൻ ചെയ്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് കിറ്റ് കൊടുത്തത്. കിറ്റ് കൊടുത്ത കടയുടമയെ ജനങ്ങളും മാധ്യമങ്ങളും കണ്ടതാണ്. കിറ്റ് കൊടുക്കാനായി വന്ന ബിജെപി നേതാവ് ദേവനെയും യുവമോർച്ചക്കാരെയും അറസ്റ്റ് ചെയ്യാതെ തെറ്റ് ചൂണ്ടിക്കാണിച്ച തന്നെയും യുഡിഎഫ് പ്രവർത്തകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ എസ് എസിന്റെയും ബിജെപിയുടെയും ഇത്തരം പ്രവർത്തികളിൽ വീണു പോകുന്നവർ അല്ല കോൺഗ്രസ്. താൻ അടക്കമുള്ള ആളുകളും ജനങ്ങളും ഇതിനെയൊക്കെ പ്രതിരോധിക്കുമെന്നും’ ടി എൻ പ്രതാപൻ പ്രതികരിച്ചു.
